നടുക്കുന്ന കൊലയ്‌ക്ക് ഞെട്ടിക്കുന്ന വിധി; അശ്വിനി കുമാർ വധക്കേസിൽ പ്രതികളായ 13 NDFകാരെയും വെറുതെവിട്ടു; 3-ാം പ്രതി മാത്രം കുറ്റക്കാരൻ

0

കണ്ണൂർ: കേരളത്തെ നടുക്കിയ അശ്വിനി കുമാർ വധക്കേസിൽ പ്രതികളായ 14 എൻഡിഎഫ് പ്രവർത്തകരിൽ 13 പേരെയും വെറുതെവിട്ട് കോടതി. മൂന്നാം പ്രതിയെ മാത്രമാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബാക്കിയുള്ള 13 പ്രതികളെയും വെറുതെ വിട്ടു.

തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ജഡ്ജി ഫിലിപ്പ് തോമസിന്റേതാണ് വിധി. ചാവശ്ശേരി സ്വദേശി എംവി മർഷൂക്കാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ പ്രതി. കേസിൽ ശിക്ഷാവിധി നവംബർ 14ന് പ്രസ്താവിക്കും.

പ്രതികളെ അറസ്റ്റ് ചെയ്തതിലും കൃത്യമായ സമയത്ത് തെളിവെടുപ്പ് നടത്തുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. നീതി കിട്ടുന്നത് വരെ അപ്പീലുമായി പോകുമെന്ന് അശ്വിനി കുമാറിന്റെ കുടുംബം പ്രതികരിച്ചതായി വത്സൻ തില്ലങ്കേരി അറിയിച്ചു.

2005 മാർച്ചിലായിരുന്നു എൻഡിഎഫ് ക്രിമിനലുകൾ ചേർന്ന് അശ്വിനി കുമാറിനെ വെട്ടിക്കൊന്നത്. രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന പുന്നാട് അശ്വിനി കുമാറിനെ ബസിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. പട്ടാപ്പകൽ ന​ഗരമദ്ധ്യത്തിൽ നിരവധിയാളുകളുടെ മുൻപിൽ വച്ചായിരുന്നു യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത അശ്വിനി കുമാറിനെ എൻഡിഎഫുകാർ കൊലപ്പെടുത്തിയത്.

ഒന്നു മുതൽ നാല് വരെയുള്ള പ്രതികൾ അശ്വിനി കുമാർ സഞ്ചരിച്ച ബസിൽ തന്നെ ഉണ്ടായിരുന്നവരാണ്. ബാക്കിയുള്ള പ്രതികൾ ബസിന് പിറകിലൂടെ ജീപ്പിലെത്തി. ശേഷം ബോംബെറിഞ്ഞ് ഭീതിവിതച്ച ശേഷമാണ് അശ്വിനി കുമാറിനെ വെട്ടിക്കൊന്നത്. ബസിലുണ്ടായിരുന്നവരാണ് വെട്ടിയതെന്നും ജീപ്പിൽ വന്നവർ ബസിന് പുറത്ത് നിന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും ദൃക്സാക്ഷികളുടെ മൊഴിയുണ്ട്. കേസിൽ 42 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചിരുന്നു.

പ്രതികളുമായി യാതൊരു മുൻ ബന്ധവും അശ്വിനി കുമാറിനുണ്ടായിരുന്നില്ല. കേവലം മതപരമായ അസഹിഷ്ണുതയുടെ പേരിലാണ് ആക്രമണം നടത്തിയതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Leave a Reply