നമ്മുടെ ചങ്കിലാണ് ആദർശം, ഈ പ്രസ്ഥാനത്തിന് വേണ്ടി കൊടി പിടിക്കുമ്പോൾ വ്യക്തിക്കല്ല ആദർശത്തിനാണ് പ്രത്യേകതയെന്ന് ശോഭ സുരേന്ദ്രൻ

0

പാലക്കാട്: ഈ പ്രസ്ഥാനത്തിന് വേണ്ടി കൊടി പിടിക്കുമ്പോൾ വ്യക്തിക്കല്ല പ്രത്യേകത ആദർശത്തിനാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന മഹിളാ ശാക്തീകരണ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ആദർശത്തിന് അടിവരയിട്ടുകൊണ്ടാണ് എല്ലാ ഭീകരവാദ ശക്തികൾക്കെതിരെയും നമ്മൾ പോരാടിയത്. നമ്മുടെ സഹപ്രവർത്തകരായ പാവപ്പെട്ട പ്രവർത്തകരെ വെട്ടിക്കൊന്ന് ചോര കുടിക്കുമ്പോഴും ഭീകരവാദ സംഘടനകളുമായി യുഡിഎഫും കോൺഗ്രസും ഇടതുപക്ഷവും സന്ധി ചെയ്യുമ്പോഴും ആദർശത്തിൽ വെളളം ചേർക്കാൻ തയ്യാറല്ലെന്ന് തീരുമാനമെടുത്താണ് ഇത്രയും അമ്മമാർ ഈ തെരുവിൽ സംഘടിച്ചിട്ടുളളതെന്ന് ശോഭസുരേന്ദ്രൻ പറഞ്ഞു.

കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും കൃഷ്ണകുമാറുമൊക്കെ പേരുകൾ മാത്രമാണ്. പ്രസ്ഥാനത്തിന്റെ ആദർശമാണ് ഒന്നാമത്തെ പ്രയോറിറ്റി. 10 പേർ കൊടി പിടിക്കാൻ ഇല്ലാത്ത കാലത്ത് തുടങ്ങിയിട്ടാണ് ഇന്ന് 20 ശതമാനം വോട്ടുവാങ്ങുന്ന പ്രസ്ഥാനമായി ബിജെപി മാറിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പാലക്കാടിന്റെ വനിതാശക്തി കൃഷ്ണകുമാറിനൊപ്പമാണെന്ന വ്യക്തമായ സന്ദേശമാണ് മഹിളാ ശാക്തീകരണ യാത്ര നൽകുന്നതെന്ന് ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

300 ലധികം വരുന്ന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിന് നൽകുന്ന ഫണ്ടുകൾ എത്ര ചിലവഴിച്ചുവെന്ന് ചോദിക്കാൻ നിയമസഭയിൽ ബിജെപി പ്രതിനിധികൾ ഇല്ലാത്തതുകൊണ്ടാണ് ആ പദ്ധതികൾ ജനങ്ങളിലേക്ക് എത്താതിരിക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. കേവലം അഞ്ച് ശതമാനം പോലും വോട്ടില്ലാതിരുന്ന ത്രിപുരയിൽ പോലും മുഖ്യമന്ത്രിയെ സൃഷ്ടിക്കാൻ എൻഡിഎയ്‌ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 20 ശതമാനം വോട്ടുകൾ എൻഡിഎ നേടിയപ്പോൾ ഉറക്കം നഷ്ടപ്പെട്ടത് ഇടതുപക്ഷത്തിനും വലതുപക്ഷത്തിനുമാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴും ഇപ്പോൾ മോദി പ്രധാനമന്ത്രിയായിരിക്കുമ്പോഴും എൻഡിഎയ്‌ക്ക് വിരുദ്ധമായ രാഷ്‌ട്രീയ അഭിപ്രായമുളള സംസ്ഥാനങ്ങൾ പോലും അവരുടെ സംസ്ഥാനത്തിലേക്ക് എത്ര രൂപ കൊണ്ടുവരാമെന്ന് റിസർച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മോദി ഭരിക്കുന്ന കേന്ദ്രസർക്കാരിൽ നിന്നുളള സഹായം വേണ്ട എന്ന് തീരുമാനിച്ചു പോകുകയാണ് ഇടതുപക്ഷവും വലതുപക്ഷവുമെന്ന് ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Leave a Reply