ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ പുതിയ ആരംഭിച്ച സീപ്ലെയിൻ പദ്ധതി എങ്ങാനും മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ എതിർക്കുമെന്ന് പിപി ചിത്തരഞ്ജൻ എംഎൽഎ അറിയിച്ചു. 2013ൽ പി പി ചിത്തരഞ്ജന്റെ നേതൃത്വത്തിലായിരുന്നു അന്ന് യുഡിഎഫ് കൊണ്ടുവന്ന പദ്ധതിക്കെതിരെ സിപിഎഐഎം സമരം.
സീപ്ലെയിൻ ആലപ്പുഴയുടെ അടിയന്തിരാവശ്യമല്ലെന്നും അതുകൊണ്ട് ആലപ്പുഴയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്ന് ചിത്തരഞ്ജൻ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് ദോഷകരമല്ലാത്ത വിധത്തിൽ ആണെങ്കിൽ പദ്ധതി അംഗീകരിക്കും. ദോഷകരമാകുമെങ്കിൽ പഴയ നിലപാടിൽ മാറ്റമില്ല. സീപ്ലെയിൻ പദ്ധതി എല്ലാവരുമായി ചർച്ച ചെയ്യുമെന്ന മന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും യുഡിഎഫിന്റെ കാലത്ത് ഈ ചർച്ചയേ ഉണ്ടായിട്ടില്ലെന്നും ചിത്തരഞ്ജൻ കൂട്ടിച്ചേർത്തു.
അതേസമയം, സീപ്ലെയിനിന്റെ ആദ്യ ‘പറക്കൽ’ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പത്ത് മിനുട്ട് നേരം മന്ത്രിമാരുമായി ആകാശത്ത് പറന്ന ശേഷം വിമാനം പിന്നീട് ഇടുക്കിയിൽ സുരക്ഷിതമായി എത്തി. മാട്ടുപ്പെട്ടിഡാമിൽ ലാൻഡ് ചെയ്ത വിമാനത്തിന് വലിയ സ്വീകരണമാണ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയത്.