ജൊഹന്നാസ്ബര്‍ഗിലെ ഗാലറികളിൽ സിക്സർ മഴ പെയ്യിച്ച് സഞ്ജു സാംസന് കരിയറിലെ മൂന്നാം സെഞ്ച്വറി. 51 പന്തിലാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുളള രണ്ടാം സെഞ്ച്വറി അദ്ദേഹം പൂർത്തിയാക്കിയത്. ഗ്രൗണ്ടിന്റെ നാലുപാടും ബൗണ്ടറികൾ പായിച്ചാണ് പ്രോട്ടീസ് ബൗളർമാരെ തച്ചുതകർത്തത്.
തുടർച്ചയായ രണ്ടു ഡക്കുകൾക്ക് ശേഷം വിമർശന നടുവിലായിരുന്ന സഞ്ജുവിന്റെ മാസ് മറുപടിയാണ് കണ്ടത്. എട്ടു പടുകൂറ്റൻ സിക്സറുകളും അഞ്ചു ബൗണ്ടറിയുമാണ് വലം കൈയന്റെ ബാറ്റിൽ നിന്ന് പിറന്നത്.
കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വിഭിന്നമായി കരുതലോടെയാണ് സഞ്ജു ഇന്നിംഗ്സിന് തുടക്കമിട്ടത്. 28 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ സഞ്ജു പിന്നീട് ടോപ് ഗിയറിലാണ് ബാറ്റിംഗ് തുടർന്നത്. സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ നേരിട്ട താരം സ്ട്രോക്ക് പ്ലേയും പവർ ഹിറ്റിംഗിലും കമൻ്റേർമാരെ പോലും ആരാധകരാക്കി മാറ്റി.