ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ: പ്രത്യേക നിയമം ആവശ്യമില്ലെന്ന് സുപ്രീം കോടതി

0

ന്യൂഡല്‍ഹി: ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി പ്രത്യേക കേന്ദ്രനിയമത്തിന്റെ ആവശ്യമില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച ദേശീയ ദൗത്യസംഘം. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിലവിലുള്ള നിയമത്തിലെ വകുപ്പുകള്‍ പര്യാപ്തമാണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ദൗത്യ സംഘം അറിയിച്ചു.

കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി മാര്‍ഗരേഖയുണ്ടാക്കാന്‍ സുപ്രീംകോടതി ഓഗസ്റ്റ് 20-ന് ഒന്‍പതംഗ ദൗത്യസംഘത്തെ നിയോഗിച്ചത്.

ആതുരാലയങ്ങളിലെ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ 24 സംസ്ഥാനങ്ങള്‍ പ്രത്യേക നിയമം പാസാക്കിയിട്ടുണ്ട്. സംസ്ഥാന നിയമത്തിന്റെ അഭാവത്തില്‍ ഭാരതീയ ന്യായസംഹിതയിലെ (ബി.എന്‍.എസ്.) വകുപ്പുകള്‍ അതിന് പര്യാപ്തമാണ്. പ്രതിദിനമെന്നോണം നടക്കുന്ന ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് സംസ്ഥാനനിയമങ്ങള്‍ മതിയാകുമെങ്കില്‍ ഗുരുതരമായവയ്ക്ക് ബി.എന്‍.എസ് ഉണ്ട്. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി പ്രത്യേക കേന്ദ്രനിയമത്തിന്റെ ആവശ്യമില്ലെന്ന് ദൗത്യസംഘം വ്യക്തമാക്കി.

നാവികസേനയിലെ മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലായ വൈസ് അഡ്മിറല്‍ ആരതി സരിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

Leave a Reply