ശബരിമല ഒരുങ്ങി; മണ്ഡലകാല തീര്‍ഥാടനം നാളെ മുതല്‍

0

ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പിഎന്‍ മഹേഷാണ് നട തുറക്കുന്നത്. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേല്‍ശാന്തി പിഎം മുരളിക്ക് താക്കോലും ഭസ്മവും നല്‍കിയ ശേഷം പതിനെട്ടാംപടിയിറങ്ങി തെളിക്കും. അതിനുശേഷം ഭക്തര്‍ക്കായി പതിനെട്ടാംപടിയുടെ വാതില്‍ തുറക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്തമേല്‍ശാന്തിമാര്‍ ആദ്യം പടികയറും.

നാളെ ഭക്തര്‍ക്ക് ദര്‍ശനവും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും മാത്രമേയുള്ളു. പൂജകള്‍ ഇല്ല. പുതിയ മേല്‍ശാന്തിമാരായ എസ് അരുണ്‍ കുമാര്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി (മാളികപ്പുറം)യുടെ സ്ഥാനാരോഹണം വൈകീട്ട് ആറ് മണിക്കാണ്. തന്ത്രിമാരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച് അഭിഷേകം ചെയ്യും. പിന്നീട് കൈപിടിച്ച് ശ്രീകോവിലില്‍ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലിക്കൊടുക്കും.

ആദ്യം ശബരിമല ക്ഷേത്രത്തിലെയും പിന്നീട് മാളികപ്പുറത്തെയും മേല്‍ശാന്തിമാരുടെ അഭിഷേകമാണ് നടക്കുന്നത്. കൊല്ലം ശക്തികുളങ്ങര കന്നിമേല്‍ചേരി തോട്ടത്തില്‍മഠം നാരായണീയത്തില്‍ എസ് അരുണ്‍കുമാര്‍ നമ്പൂതിരി, കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവന്‍ നമ്പൂതി എന്നിവര്‍ പുറപ്പെടാശാന്തിമാരായാണ് മലകയറുന്നത്.

Leave a Reply