സന്നിധാനം: ശരണം വിളികൾ മുഖരിതമായ അന്തരീക്ഷത്തിൽ സന്നിധാനത്ത് ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ചുമതലയേറ്റു. ശബരില മേൽശാന്തിയായി അരുൺകുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയുമാണ് ചുമതലയേറ്റത്.
ശരണ മന്ത്രങ്ങളുടെ അകമ്പടിയിൽ കണ്ഠരര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും സാന്നിദ്ധ്യത്തിൽ സ്ഥാനമൊഴിയുന്ന മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയാണ് വൈകിട്ട് വൃശ്ചികപൂജയ്‌ക്ക് മുന്നോടിയായി അയ്യന്റെ നട തുറന്നത്. നട തുറന്ന ശേഷം മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി മഹാ ആഴിയിൽ അഗ്‌നി തെളിയിച്ചു. ഇതിന് ശേഷമാണ് നിയുക്ത മേൽശാന്തിമാരെ കൈപിടിച്ച് പതിനെട്ടാം പടി കയറ്റി സോപാനത്തേക്ക് ആനയിച്ചത്. നിയുക്ത മേൽശാന്തിമാരായിരുന്നു ആദ്യം പടി ചവിട്ടിയതും.
ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്ത്, ശബരിമലയിലെ ചുമതലയുള്ള എഡിജിപി ശ്രീജിത് എന്നിവരും പുതിയ മേൽശാന്തിമാരെ സ്വീകരിക്കാനെത്തിയിരുന്നു. സോപാനത്തിലിരുത്തിയ ഇരുവരും ശ്രീകോവിലിന് മുൻപിൽ നിന്ന് അയ്യപ്പനെ വണങ്ങി പ്രാർത്ഥിച്ചു. ശേഷം അരുൺകുമാർ നമ്പൂതിരിയെ ശ്രീകോവിലിന് മുൻപിൽ സോപാനത്ത് ഇരുത്തി കലശാഭിഷേകം നടത്തി തന്ത്രി ശ്രീകോവിലിലേക്ക് കൈപിടിച്ച് കയറ്റി. ദർശനത്തിനു ശേഷം മൂലമന്ത്രം ഓതിക്കൊടുത്തു മേൽശാന്തിയായി അവരോധിച്ചു. പിന്നീട് മാളികപ്പുറം മേൽശാന്തിയെയും ഇതേ രീതിയിൽ തൽസ്ഥാനത്തേക്ക് അവരോധിച്ചു.
വൃശ്ചിക പുലരിയിൽ മൂന്ന് മണിയ്‌ക്കാണ് നട തുറക്കുന്നത്. ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് പമ്പയിൽ നിന്നും തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തി വിട്ടത്. ആദ്യ ദിവസം മുപ്പത്തിനായിരം തീർത്ഥാടകർ ആണ് അയ്യന്റെ സന്നിധിയിലേക്ക് എത്തിയത്. ഇനിയുള്ള രണ്ടു മാസക്കാലം നാടും നഗരവും അയ്യന്റെ നാമങ്ങൾ കൊണ്ട് നിറയും.