2036 ഒളിംപിക്‌സും പാരാലിംപിക്‌സും നടത്താന്‍ താത്പര്യം അറിയിച്ച് ഇന്ത്യ. ഇതിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ കത്തയച്ചു. 2036ല്‍ ഇന്ത്യയില്‍ ഒളിമ്പിക്സും പാരാലിമ്പിക്സും നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച കാഴ്ചപ്പാടിന്റെ ഭാഗമായാണ് നീക്കം.
ഒളിംപിക്‌സ് നടത്താനുള്ള അവസരം സാമ്പത്തിക വളര്‍ച്ച, സാമൂഹിക പുരോഗതി, യുവജന ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുമെന്ന് ഐഒസി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താല്‍പര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിലധികം തവണ പ്രകടിപ്പിച്ചിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പാരീസ് ഒളിമ്പിക്സ് അത്ലറ്റുകളുമായുള്ള ആശയവിനിമയത്തില്‍, 2036ലെ ഒളിംപിക്‌സ് രാജ്യത്ത് നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നും തയാറെടുപ്പുകള്‍ ആരംഭിക്കാനും പ്രധാനമന്ത്രി മോദി താരങ്ങളോടു പറഞ്ഞിരുന്നു.
‘ഇന്ത്യ 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇക്കാര്യത്തില്‍, മുന്‍ ഒളിമ്പിക്സ് കായികതാരങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ വളരെ പ്രധാനമാണ്. നിങ്ങള്‍ കായികതാരങ്ങള്‍, കായികയിനങ്ങള്‍ നിരീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്തവരാണ്. ഇത് സര്‍ക്കാരുമായി പങ്കിടണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ഥന. 2036-നുള്ള തയ്യാറെടുപ്പില്‍ ചെറിയ കാര്യങ്ങളില്‍ പോലും വീഴ്ചയുണ്ടാകരുതെന്നാണ് ആഗ്രഹമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.