ഫ്‌ളോറിഡ: ന്യായമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കില്‍ തനിക്ക് തോല്‍വിയുണ്ടായാല്‍ പരാജയം സമ്മതിക്കാന്‍ തയ്യാറാണെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ വോട്ട് ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തെക്കുറിച്ച് അദ്ദേഹം വീണ്ടും ആശങ്ക ഉയര്‍ത്തി.
‘ഞാന്‍ ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍, അത് ന്യായമായ തിരഞ്ഞെടുപ്പാണെങ്കില്‍, അത് ആദ്യം അംഗീകരിക്കുന്നത് ഞാനായിരിക്കും… ഇതുവരെ അത് ന്യായമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു,’ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷമുള്ള അശാന്തിയെക്കുറിച്ചുള്ള ചോദ്യത്തിന്, ഒരു അക്രമവും ഉണ്ടാകില്ലെന്നും തന്റെ അനുയായികള്‍ അക്രമാസക്തരായ ആളുകളല്ലെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമായി പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പേപ്പര്‍ ബാലറ്റുകളേക്കാള്‍ സുരക്ഷിതമല്ലെന്നും ഫലം അറിയുന്നത് വൈകിപ്പിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
‘പേപ്പര്‍ ഇപ്പോള്‍ കമ്പ്യൂട്ടറുകളേക്കാള്‍ സങ്കീര്‍ണ്ണമാണെന്ന് നിങ്ങള്‍ക്കറിയാമോ? അത് വാട്ടര്‍മാര്‍ക്ക് ചെയ്ത പേപ്പറാണെങ്കില്‍, നിങ്ങള്‍ക്ക് ക്രമക്കോട് നടത്താന്‍ കഴിയില്ല… അത് കൊണ്ട് നിങ്ങള്‍ക്ക് ചതി ഒന്നും ചെയ്യാനില്ല.’ ട്രംപ് പറഞ്ഞു.