പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് കള്ളപ്പണം കൊണ്ടുവന്നുവെന്ന പരാതിയില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച നഗരത്തിലെ കെപിഎം റീജന്‍സിയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെ പാലക്കാട് സൗത്ത് സിഐയുടെ നേതൃത്വത്തില്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ ഒന്നാം പ്രതി ഫെനി നൈനാന്‍ നീല ട്രോളി ബാഗുമായി വരുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്.
ആദ്യം ബാഗില്ലാതെയാണ് ഫെനി ഹോട്ടലിലെത്തിയത്. പിന്നീട് കാറിലുള്ള ട്രോളി ബാഗെടുത്ത് വീണ്ടും ഹോട്ടലില്‍ എത്തുന്നു. ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമാക്കാല എന്നിവര്‍ ഇരുന്ന കോണ്‍ഫറന്‍സ് ഹാളിലേക്ക് ഫെനി ട്രോളി ബാഗുമായി പോകുന്നു. പിന്നീട് ഫെനിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ബാഗില്ലാതെ തിരിച്ചുപോകുന്നു. അല്പസമയത്തിന് ശേഷം പോലീസ് പരിശോധന ഭയന്ന് രാഹുലും, ഫെനിയും ട്രോളി ബാഗുമായി ഹോട്ടലില്‍ നിന്ന് പുറത്തുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വസ്ത്രങ്ങളാണ് പെട്ടിയില്‍ ഉണ്ടായിരുന്നതെന്നാണ് രാഹുലിന്റെ വിശദീകരണം. വസ്ത്രം ആണെങ്കില്‍ എന്തുകൊണ്ട് കോണ്‍ഫറന്‍സ് റൂമിലേക്ക് ട്രോളി കൊണ്ടുപോയി എന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്. രാഹുലിന്റെ വാദം തള്ളിക്കളയുന്ന ദൃശ്യങ്ങളാണ് ഇന്നലെ വൈകിട്ടോടെ പുറത്തുവന്നത്.
ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ പോലീസ് പരിശോധന നടന്നത്. വനിത നേതാക്കളായ ബിന്ദുകൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ മുറികളിലാണ് പരിശോധന നടത്തിയത്. മുന്നറിയിപ്പില്ലാതെ പോലീസ് അതിക്രമിച്ചു കയറി പരിശോധന നടത്തിയെന്നാരോപിച്ച് പ്രവര്‍ത്തകര്‍ ചെറുത്തതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇതോടെ ഹോട്ടലില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമായി. സംഭവം നടക്കുമ്പോള്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു.
പരിശോധന പുലര്‍ച്ചെ 3.15 വരെ നീണ്ടു. നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇതിനിടെ താന്‍ കോഴിക്കോടുണ്ടെന്ന് ചാനലുകളിലൂടെ രാഹുല്‍ ലൈവ് വീഡിയോ പുറത്തുവിട്ടിരുന്നു. പോലീസ് നടപടിക്കെതിരെ എസ്പി ഓഫീസ് ഉള്‍പ്പെടെ യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്.