തിരുവനന്തപുരം: സസ്പെൻഷന് പിന്നാലെ പ്രതികരണവുമായി കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്. ഒരു സ്വകാര്യ ചാനലിനോടായിരുന്നു പ്രശാന്തിന്റെ പ്രതികരണം.
നടപടിയേ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് എനിക്ക് പുതിയ അറിവാണ്. എന്റെ ഭാഗം കേട്ടിട്ടില്ല. എന്നോട് ആരും ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. നട്ടപ്പാതിരയ്ക്ക് ഇങ്ങനെ പറയുകയാണ്. സർക്കാരിനേയോ സർക്കാർ നയങ്ങളേയോ വിമർശിച്ചാൽ അതിൽ തെറ്റുണ്ട്. നടപടിയെടുക്കാം. ഇത് താൻ ചെയ്തെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല.
ഉദ്യോഗസ്ഥരായ ചില വ്യക്തികളുടെ തെറ്റായ പ്രവണതകളെയാണ് വിമർശിച്ചത്. പ്രത്യേകിച്ച് വ്യാജമായ റിപ്പോർട്ട് ചമച്ച് കൊടുത്തതിലാണത്. ഇതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. വ്യാജമായ റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് സർക്കാർ നയമല്ലെന്നാണ് വിശ്വാസം. വ്യാജ റിപ്പോർട്ട് തയ്യാറാക്കിയതിനെ വിമർശിച്ചാൽ ഇത്തരമൊരു നടപടി ഉണ്ടാകുമെന്നത് പുതിയൊരു അറിവാണ്.
ഭരണഘടന എല്ലാ പൗരന്മാർക്കും തുല്യമായി തന്നിരിക്കുന്ന അവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. ഇതനുസരിച്ച് ഏത് പരിധിയാണ് ഞാൻ ലംഘിച്ചതെന്ന് അറിയില്ല. ഓർഡർ കാണട്ടെ, അതിനുശേഷം തുടർനടപടി ആലോചിക്കും. ജനിച്ചുവീണപ്പോഴേ ഐഎഎസുകാരൻ ആകണമെന്ന് വിചാരിച്ചുവന്ന ആളല്ല. വേറേയും ജോലിയും താൽപര്യങ്ങളും എല്ലാം ഉള്ളതാണ്. ഇതൊന്നും വലിയ സംഭവമായി എനിക്ക് തോന്നുന്നില്ല.
ഇതെല്ലാം കണ്ടിട്ട് അയ്യോ എന്ന് പറയുമെന്ന് ആരും ധരിക്കേണ്ട. ഞാൻ എവിടെ, എങ്ങനെ എന്റെ സംസാര സ്വാതന്ത്ര്യം ഉപയോഗിക്കണം എന്ന് മറ്റുള്ളവർ നിഷ്കർഷിക്കാൻ തുടങ്ങുന്നയിടത്ത് ഒരു ഫാസിസ്റ്റ് പ്രവണത തുടങ്ങിയില്ലേ?. ചിലപ്പോൾ ചിലർക്ക് ഇഷ്ടപ്പെടാത്ത രീതിയിൽ സംസാരിച്ചെന്നിരിക്കും. നമ്മുടെ ചട്ടങ്ങളോ നിയമങ്ങളോ ലംഘിക്കാത്തിടത്തോളം കാലം അതിനെ നിയന്ത്രിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അതിനെയാണ് സാധാരണ ഫാസിസം എന്നു പറയാറ്.
ഭരണഘടനയുടെ ചട്ടക്കൂടിനകത്താണ് ഇന്ത്യാ മഹാരാജ്യത്തും കേരളത്തിവും ഉള്ള സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കേണ്ടത്. മിണ്ടാതെ ഉരിയാടാതെ ഒരു ഉദ്യോഗസ്ഥ സംവിധാനത്തിന് പിന്നിൽ എവിടെയോ ഒളിച്ചിരുന്ന് എന്തും ചെയ്തുകഴിഞ്ഞാൽ അതൊക്കെ ശരിയാണെന്നും സത്യസന്ധമായ കാര്യം പുറമേയ്ക്ക് വന്നുനിന്ന് സംസാരിച്ചാൽ വലിയ കുഴപ്പമാണെന്നുമാണ്. ഇത് ന്യായമാണെന്ന് തോന്നുന്നുണ്ടോ. വഴിപോക്കർക്ക് കയറി, ഇങ്ങനെ വേണമായിരുന്നു അങ്ങനെ വേണമായിരുന്നു, കുറച്ചുകൂടെ അത് വേണമായിരുന്നു ഇത് വേണമായിരുന്നു, പക്വത വേണമായിരുന്നു എന്നൊന്നും ആർക്കും പറയാനോ ഇതിന്റെ അടിസ്ഥാനത്തിൽ ആരുടെയെങ്കിലും സംസാരം നിയന്ത്രിക്കാൻ ഉള്ള അവകാശമോ ഇന്നവരേ ഇന്ത്യയിൽ ആർക്കും നിയമപരമായി നൽകിയിട്ടില്ല…… എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപ്രതികരണം.