ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ നടക്കുമെന്ന് പാര്‍ലമെന്റികാര്യമന്ത്രി കിരണ്‍ റിജിജു. സമ്മേളനത്തിന്റെ രണ്ടാം ദിനമായ നവംബര്‍ 26ന് ഭരണഘടന ദിവസത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യസമ്മേളനമാണിത്. ഇതില്‍ ജമ്മു കശ്മീരില്‍ ഇന്ത്യാ സഖ്യം വിജയിച്ചപ്പോള്‍ ഹരിയാനയില്‍ ബിജെപി തുടര്‍ഭരണം നേടി. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 13നും നവംബര്‍ 20നും നടക്കും.
വഖഫ് ബില്ലിലെ വിവാദ ഭേദഗതികളും, ഒരുരാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശവും പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചയാകും. ബിജെപിയുടെ ജഗദംബിക പാലിന്റെ നേതൃത്വത്തിലുള്ള സംയുക്ത കമ്മറ്റിയാണ് ബഖഫ് ഭേദഗതിയെ കുറിച്ചുള്ള പഠനം നടത്തുന്നത്. നവംബര്‍ 29ന് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും.