കണ്ണൂര്‍: പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ക്രിമിനല്‍ അപകീര്‍ത്തി ഹര്‍ജി നല്‍കി. തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികളിലാണ് ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. അന്‍വറിനെ കോടതിക്ക് മുന്നില്‍ എത്തിക്കുമെന്നും പി ശശി പറഞ്ഞു.
തനിക്കെതിരായ ആക്ഷേപങ്ങള്‍ കഴമ്പില്ലാത്തതാണ്. രാഷ്ട്രീയമായി അധഃപതിച്ചു കഴിഞ്ഞതിനാല്‍ വ്യക്തിപരമായി ആക്ഷേപം പറഞ്ഞ് നിലനില്‍ക്കാന്‍ കഴിയുമോയെന്നാണ് അന്‍വര്‍ നോക്കുന്നത്. അന്‍വറിനു പിന്നില്‍ ഒരുപാട് അധോലോക സംഘങ്ങളുണ്ടെന്നും പി ശശി പറഞ്ഞു.
താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തനിക്കെതിരായ ആരോപണം പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളതാണ്. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും, മുഖ്യമന്ത്രിയുടെ കുടുംബത്തിനെയും ആക്രമിക്കുക വഴി അന്‍വര്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റി നിലനിന്നു പോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പി ശശി പറഞ്ഞു.