തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്നതിനൊപ്പം പകര്‍ച്ചപ്പനിയുംസംസ്ഥാനത്ത് പിടിമുറുക്കുന്നു. രണ്ടാഴ്ചക്കിടെ പനിബാധിതര്‍ ഒരു ലക്ഷം കവിഞ്ഞു – 1,16,834 പേര്‍. ദിവസം ശരാശരി പതിനായിരത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡെങ്കിപ്പനി രോഗികള്‍ കൂടുമ്പോള്‍ മരണം കൂടുതലും എലിപ്പനി ബാധിതരിലാണ്.
കഴിഞ്ഞ മാസം 30 മുതല്‍ ഈ മാസം 12 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 1,884 പേര്‍ക്ക് ഡെങ്കിയും 394 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കി അഞ്ച് പേരുടെ ജീവനെടുത്തപ്പോള്‍ എലിപ്പനി മൂലം 17 പേരാണ് മരണപ്പെട്ടത്.
തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് എലിപ്പനി, ഡെങ്കി മരണങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്. ഇതിനൊപ്പം മലിനജലത്തിലൂടെ ഉണ്ടാകുന്ന ഹെപ്പറ്റെറ്റ് എ രോഗവും പടരുന്നുണ്ട്. 1,134 പേര്‍ക്ക് ഈ രോഗം ബാധിച്ചു. നാല് പേര്‍ മരിച്ചു. കൊതുക് വ്യാപകമാകുന്നതിനാലാണ് ഡെങ്കി പടരുന്നത്. മലിനജലത്തിലിറങ്ങുന്നവര്‍ മുന്‍കരുതല്‍ എടുക്കാത്തിനാലാണ് എലിപ്പനി അപകടമാകുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.