വിവാഹം എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അത് എത്രയും പ്രത്യേകതകളോടെ നടത്തണമെന്ന് എല്ലാവരും ആഗ്രഹിക്കാറുമുണ്ട്. ഇന്നത്തെ കാലത്ത് വിവാഹമെന്നത് പല തീം ആയിട്ടാണ് പലരും ചെയ്യാറുള്ളത്. വളരെ കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഡെസ്റ്റിനേഷൻ വെഡിങ് ആണ് ഇന്ന് കൂടുതലും നടത്തിവരാറുള്ളത്. സംസ്കാരങ്ങൾക്കും വ്യക്തികൾക്കും പാരമ്പര്യങ്ങൾക്കും അനുസരിച്ച് ചടങ്ങുകളിൽ വ്യത്യാസമുണ്ടെങ്കിലും വിവാഹത്തിന്റെ സാരാംശം എല്ലായിടത്തും ഒന്നുതന്നെയാണ്. എന്നാൽ സാധാരണയായി കണ്ടുവരുന്ന വിവാഹ ചടങ്ങുകളിൽ നിന്നും വളരെ വ്യത്യസ്തമായി ഒരു വിവാഹം 2003ലെ വാലന്റൈൻസ് ദിനത്തിൽ ജമൈക്കയിൽ നടക്കുകയുണ്ടായി
ജമൈക്കയിലെ റൺവേ ബേയിലെ ഹെഡോണിസം III റിസോർട്ടിൽ നടന്ന ഈ വിവാഹാഘോഷത്തിൽ പങ്കെടുത്തത് 29 ദമ്പതികൾ. ഏറെ വിചിത്രമായ ഒരു വിവാഹ ചടങ്ങായിരുന്നു അന്നവിടെ നടന്നത്. വിവാഹത്തിൽ പങ്കെടുത്ത 29 ദമ്പതികളും നഗ്നരായാണ് വിവാഹിതരായത്. റിസോർട്ടിലെ ബീച്ച് ഫ്രണ്ടിൽ പ്രത്യേകമായി സജ്ജീകരിച്ച വേദിയിൽ നടന്ന ചടങ്ങിൽ വധൂവരന്മാർ മാത്രമല്ല. വിവാഹത്തിനായെത്തിയ എല്ലാ അതിഥികളും നഗ്നരായാണ് പങ്കെടുത്തത്. ഈ ചടങ്ങ് ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഫ്ലോറിഡയിലെ യൂണിവേഴ്സൽ ലൈഫ് ചർച്ച് റെവറന്‍റ് ഫ്രാങ്ക് സെർവാസിയോയാണ് ഇത്തരത്തിൽ ഒരു വിചിത്ര വിവാഹം ആഘോഷം സംഘടിപ്പിച്ചതെന്ന് ഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
അസാധാരണമായ രീതിയിൽ വിവാഹങ്ങൾ സംഘടിപ്പിക്കുന്നതിന് ഏറെ പ്രശസ്തമായ റിസോർട്ടാണ് ഹെഡോണിസം III റിസോർട്ട് . അന്ന് വിവാഹിതരായ 29 ദമ്പതികളിൽ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികൾ ഉൾപ്പെട്ടിരുന്നു. ഇതിൽ റഷ്യക്കാരും തദ്ദേശീയ അമേരിക്കക്കാരും കനേഡിയൻ പൗരന്മാരും ക്രോ ഗോത്രത്തിൽ നിന്നുള്ളവരുമൊക്കെ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂട്ട നഗ്ന വിവാഹത്തിന് അക്കാലത്ത് മാധ്യമങ്ങളിൽ വലിയ പ്രചാരം ലഭിക്കുകയും ഫോട്ടോകൾ ലോകമെമ്പാടും പ്രചരിക്കുകയും ചെയ്തിരുന്നു. 2003 -ന് മുൻപ് ഏകദേശം 12 ഓളം ദമ്പതികൾ ഇതേ റിസോർട്ടിൽ വച്ച് സമാനമായ രീതിയിൽ നഗ്നവിവാഹ ചടങ്ങുകളുടെ ഭാഗമായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ റിസോർട്ട് അറിയപ്പെടുന്നത് തന്നെ ജമൈക്കയിലെ ‘അഡൽസ് ഓണ്‍ലി റിസോട്ട്’ എന്നാണ്.