തൃശ്ശൂർ:ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറത്തിറക്കിയ മാർഗ്ഗരേഖക്കെതിരെ പാറമേക്കാവ്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആവശ്യപ്പെട്ടു. നിലവിലെ നിയന്ത്രണങ്ങൾ അനുസരിച്ച് ഒരു പൂരവും നടത്താനാകില്ലെന്ന് രാജേഷ് ചൂണ്ടിക്കാണിച്ചു. 2012ലെ നാട്ടാന പരിപാലന ചട്ടത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകണം. നിലവിലെ നിയന്ത്രണങ്ങൾ പ്രായോഗികമല്ല എന്ന് സർക്കാർ കോടതിയെ അറിയിക്കണം. നിലവിലെ നിയന്ത്രണം അനുസരിച്ച് ഒരു പൂരവും നടത്താനാകില്ല. എഴുന്നള്ളത്തിനെ കുറിച്ച് ആനയെ കുറിച്ചോ അറിയാത്തവരാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും രാജേഷ് പറഞ്ഞു.
തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുതെന്ന് ഉൾപ്പെടെയുളള നിർദ്ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനെതിരെ തിരുവമ്പാടിയും രംഗത്തെത്തിയിരുന്നു. തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് തിരുവമ്പാടി വിമർശനം ഉന്നയിച്ചത്. നിലവിലെ നിർദ്ദേശപ്രകാരം മഠത്തിൽ വരവടക്കം നടത്താൻ കഴിയില്ലെന്നും അവർ പറഞ്ഞു. പൂരത്തിനെത്തുന്നവർ ആനകൾക്ക് അടുത്തു നിന്ന് എട്ടു മീറ്റർ അകലം പാലിക്കണം എന്നത് പൂരത്തിന്റെ എല്ലാ ചടങ്ങുകളെയും തടസ്സപ്പെടുത്തും. നിർദ്ദേശങ്ങൾ മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തൃശ്ശൂർപൂരത്തെയും തകർക്കുന്നതാണെന്നും തിരുവമ്പാടി ചൂണ്ടിക്കാണിക്കുന്നു.
ദിവസം 30 കി.മീ കൂടുതൽ ആനകളെ നടത്തിക്കരുത്. രാത്രി 10 മുതൽ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്. രാത്രിയിൽ ശരിയായ വിശ്രമ സ്ഥലം സംഘാടകർ ഉറപ്പു വരുത്തണം. ദിവസം 125 കിലോമീറ്ററിൽ കൂടുതൽ ആനയെ യാത്ര ചെയ്യിക്കരുത്. ദിവസം 6 മണിക്കൂറിൽ കൂടുതൽ ആനയെ വാഹനത്തിൽ കൊണ്ടുപോകരുത്. വാഹനത്തിന്റെ വേഗത 25 കിലോമീറ്ററിൽ താഴെയാകണം. ആനയുടെ യാത്രയ്‌ക്കായി ഉപയോഗിക്കുന്ന വാഹനത്തിന് വേഗപ്പൂട്ട് നിർബന്ധമാണെന്നും ഹൈക്കോടതി മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.