ഒട്ടാവ: കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ അടുത്ത സഹായി ആർഷ ദല്ല അറസ്റ്റിൽ. ഇന്ത്യ കുറ്റവാളിയായി പ്രഖ്യാപിച്ച അർഷദീപ് സിംഗ് ദല്ല എന്ന ആർഷ് ദല്ലയാണ് കനേഡിയൻ പൊലീസിന്റെ പിടിയിലായത്. കാനഡയിലെ മിലിട്ടൺ ടൗണിൽ ഒക്ടോബർ 27, 28 ദിവസങ്ങളിൽ നടന്ന വെടിവെപ്പിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ദല്ല കനേഡിയൻ പൊലീസിന്റെ നിരീക്ഷണത്തിലായത്.
നിജ്ജാറിന്റെ വലംകൈ ആയിരുന്ന അർഷദീപ് ഇന്ത്യയിലെ നിരവധി കേസുകളിൽ കുറ്റവാളിയാണ്. ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയ ഇയാൾ കഴിഞ്ഞ ഏതാനും കാലങ്ങളായി കാനഡയിൽ ഭാര്യയോടൊപ്പം കഴിയുകയായിരുന്നു. ഇതിനിടെ മിലിട്ടൺ ടൗണിൽ നടന്ന ആക്രമണമാണ് അർഷദീപിന്റെ അറസ്റ്റിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട നിജ്ജാറിന്റെ പിൻഗാമി കൂടിയാണ് ഇയാൾ. നിലവിൽ ഖാലിസ്ഥാനി ടൈഗർ ഫോഴ്സിന്റെ കാവൽ അദ്ധ്യക്ഷനാണ് അർഷദീപ് എന്ന ആർഷ് ദല്ല.
കഴിഞ്ഞ ദിവസം ആർഷ് ദല്ലയുടെ സംഘത്തിലെ രണ്ട് പേരെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തിരുന്നു. സിഖ് ആക്ടിവിസ്റ്റായ ഗുർപ്രീത് സിംഗ് ഹരി നാവുവിനെ കൊലപ്പെടുത്തിയ കേസിലാണ് രണ്ട് പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.