പേജര്‍ സ്‌ഫോടനങ്ങളും നസ്‌റല്ല വധവും തന്റെ ഉത്തരവ് പ്രകാരമെന്ന് നെതന്യാഹു

0

ജെറുസലേം: സെപ്തംബറില്‍ ലെബനനില്‍ ഭീകര സംഘടനയായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് നടന്ന പേജര്‍ സ്‌ഫോടനങ്ങള്‍ തന്റെ അംഗീകാരത്തോടെയാണ് സംഭവിച്ചതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു. പേജര്‍ സ്‌ഫോടനങ്ങളില്‍ 40 ഓളം ഭീകരര്‍ കൊല്ലപ്പെടുകയും മൂവായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തന്റെ നേരിട്ടുള്ള ഉത്തരവ് കൈപ്പറ്റിയ ശേഷമാണ് ഇസ്രായേല്‍ സൈന്യം ബെയ്റൂട്ടില്‍ സൂക്ഷ്മ ആക്രമണം നടത്തി ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ലയെ വധിച്ചതെന്നും ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തെ നെതന്യാഹു അറിയിച്ചു.

പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അവരുടെ മുകളിലുള്ള രാഷ്ട്രീയ നേതാക്കളുടെയും എതിര്‍പ്പ് അവഗണിച്ചാണ് പേജര്‍ ഓപ്പറേഷനും ഹസന്‍ നസ്റല്ലയുടെ വധവും നടന്നതെന്ന് നെതന്യാഹു പറഞ്ഞു. കടുത്ത അഭിപ്രായ ഭിന്നതയ്‌ക്കൊടുവില്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ നെതന്യാഹു കഴിഞ്ഞയാഴ്ച മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു.

മാരകമായ പേജര്‍ ആക്രമണങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ ലെബനന്‍ ഇസ്രായേലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യരാശിക്കും സാങ്കേതികവിദ്യയ്ക്കും തൊഴിലിനും എതിരെയുള്ള ക്രൂരമായ യുദ്ധമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് ലെബനന്‍ കുറ്റപ്പെടുത്തി.

Leave a Reply