ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ്; മുനമ്പം പ്രശ്നത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സമരസമിതി

0

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സമരസമിതി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പില്‍ നൂറു ശതമാനവും വിശ്വാസമുണ്ട്. ആ ശുഭാപ്തി വിശ്വാസത്തോടെയാണ് പോകുന്നത്. സമരം പിന്‍വലിക്കുന്ന കാര്യം തല്‍ക്കാലം തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍ പറഞ്ഞു. കൊച്ചിയില്‍ ഉച്ചയ്ക്കായിരുന്നു മുഖ്യമന്ത്രി മുനമ്പം സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രതീക്ഷയുണ്ടെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് ആംബ്രോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. മുനമ്പത്തിന്റെ കണ്ണീര്‍ തോരാനുള്ള ഇടപെടല്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെയും കുടിയൊഴിപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ഈ മാസം 22 ന് ഉന്നതതല സമിതി യോഗം ചേരുമെന്നും മന്ത്രി രാജീവ് അറിയിച്ചു.

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സമരം തുടരുകയാണ്. കടപ്പുറത്തെ ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ടതോടെയാണ് മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള പ്രദേശവാസികള്‍ സമരം ആരംഭിച്ചത്. 610 ഓളം കുടുംബങ്ങളാണ് ഒഴിഞ്ഞുപോകേണ്ടി വരുമെന്ന ആശങ്കയില്‍ കഴിയുന്നത്. റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുംവരെ സമരം തുടരുമെന്നാണ് സമരസമിതി പറയുന്നത്. ക്രൈസ്തവ സഭകള്‍ അടക്കം സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്.

Leave a Reply