ബാർ ലൈസൻസ് പുതുക്കാൻ സ്‌കൂൾ കവാടം പൊളിച്ചുപണിയാൻ നീക്കം; തിരുവനന്തപുരം മേയർക്കെതിരെ എബിവിപി; പൊലീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധം

0

തിരുവനന്തപുരം: ബാർ ലൈസൻസ് പുതുക്കാൻ വേണ്ടി സ്‌കൂൾ കവാടം പൊളിച്ചു പണിയാൻ നീക്കം നടത്തിയ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും കോർപ്പറേഷൻ ഭരണസമിതിയുടെയും നീക്കത്തിനെതിരെ പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ വ്യാപക പ്രതിഷേധം. തിരുവനന്തപുരം എസ്എംവി സ്‌കൂളിന് മുൻപിലാണ് ബാർ തുറക്കാൻ വേണ്ടി ദൂരപരിധി കുറച്ചുകാണിക്കാൻ നഗരസഭ വഴിവിട്ട നീക്കം നടത്തിയത്. സ്‌കൂളിന്റെ കവാടം പൊളിച്ചുമാറ്റാൻ അനുമതി നൽകുകയായിരുന്നു.

ലൈസൻസ് പുതുക്കാൻ സ്‌കുൾ കവാടം മാറ്റിസ്ഥാപിക്കുന്നതിന് ബാർ മുതലാളിമാരുമായി മേയർ ആര്യ രാജേന്ദ്രൻ ഒത്തുകളിച്ചുവെന്നാണ് എബിവിപിയുടെ ആരോപണം. ശക്തമായ പ്രതിഷേധമാണ് നടന്നത്. എബിവിപി സംസ്ഥാന സെക്രട്ടറി ഉൾപ്പടെ നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരസഭയ്‌ക്ക് മുന്നിൽ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകർക്ക് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

മദ്യലോബികളുടെ അച്ചാരം വാങ്ങി വിദ്യഭ്യാസ സംസ്‌കാരത്തെ കളങ്കപ്പെടുത്തിയ മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. നടപടിയിൽ നിന്ന് പിൻമാറാത്ത സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ.യു. ഈശ്വരപ്രസാദ് പറഞ്ഞു.

സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്ല്യാണി ചന്ദ്രൻ, ജില്ലാ സെക്രട്ടറി അനന്തു മുരളീധരൻ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധത്തിനിടെ നഗരസഭയുടെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു. പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധിപേർക്ക് പരിക്കേറ്റു.

ബാർ മുതലാളിമാരുമായി ഡീൽ നടത്തിയ കോർപ്പറേഷൻ മേയർക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ പ്രക്ഷോഭം തുടരുമെന്ന് എബിവിപി അറിയിച്ചിട്ടുണ്ട്. പൊലീസ് അതിക്രമത്തിൽ വൈകിട്ട് എബിവിപി ശാസ്താംകോട്ട നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

വൈകിട്ട് ഭരണിക്കാവിൽ നടന്ന പ്രതിഷേധത്തിൽ എബിവിപി ദേശിയ നിർവാഹ സമിതി അംഗം ദിവ്യ പ്രസാദ്, ശാസ്താംകോട്ട നഗർ പ്രസിഡന്റ് ആദിത്യൻ, ജില്ല പ്രസിഡന്റ് ശരത് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply