താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടൻ മോഹൻലാൽ. ഇനി ഭാരവാഹിത്വത്തിലേക്ക് ഇല്ല എന്ന തീരുമാനം മോഹൻലാൽ സഹപ്രവർത്തകരെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
ഹേമ കമ്മിറ്റി റിപ്പോർട്ടിനുശേഷം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടും സഹപ്രവർത്തകരിൽനിന്നു കാര്യമായ പിന്തുണയോ സഹായമോ ലഭിച്ചില്ലെന്നതും മോഹൻലാലിന്റെ പിന്മാറ്റത്തിന്റെ കാരണമായി പറയപ്പെടുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന സംഘടന പിരിച്ചുവിട്ടിരുന്നു. നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിച്ചു വരികയാണ്.
മൂന്നു വർഷത്തിലൊരിക്കലാണ് സാധാരണയായി ജനറൽ ബോഡി കൂടി ഭാരവാഹികളെ തിരഞ്ഞെടുക്കാറ്. ഇത്തരത്തിൽ ഇക്കഴിഞ്ഞ ജൂണിൽ നടന്ന ജനറൽ ബോഡി യോഗമാണ് മോഹൻലാലിനെ പ്രസിഡന്റ് സ്ഥാനത്തു തുടരാന്‍ തീരുമാനിച്ചതും സിദ്ദിഖ് അടക്കമുള്ളവരെ തിരഞ്ഞെടുത്തതും.
അമ്മയുടെ പുതിയ ഭാരവാഹികളെ ഉടൻ തിരഞ്ഞെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അടുത്ത ജൂണിൽ മാത്രമേ ഇതു നടക്കാൻ സാധ്യതയുള്ളൂ. ഒരു വർഷത്തേക്കാണു താൽക്കാലിക കമ്മിറ്റിക്കു ചുമതല വഹിക്കാനാവുക. അതിനുശേഷം അമ്മ ജനറൽ ബോഡി യോഗം ചേർന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.