അധ്യായം അടച്ചിട്ടില്ല! എന്‍. പ്രശാന്തിനും ഗോപാലകൃഷ്ണനും എതിരേയുള്ള നടപടി അവസാനത്തേത് അല്ലെന്ന് മന്ത്രി രാജീവ്

0

തിരുവനന്തപുരം: എന്‍. പ്രശാന്തിനും കെ. ഗോപാലകൃഷ്ണനും എതിരേ കടുത്ത നടപടിയാണ് സ്വീകരിച്ചതെന്നും എന്നാല്‍ അത് അവസാനത്തേത് അല്ലെന്നും മന്ത്രി പി. രാജീവ്. നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. അങ്ങനെ അല്ലെങ്കില്‍ അവര്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ പോകാം.

നടപടിക്രമം പാലിച്ചോ എന്ന് മാത്രമാണ് ട്രിബ്യൂണല്‍ നോക്കുക. പക്ഷെ ഇതോടെ അധ്യായം അടച്ചിട്ടില്ല. ഇനി എന്തെല്ലാം വരുമെന്ന് നമുക്ക് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമം അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകും. പ്രാഥമികമായി ബോധ്യപ്പെട്ടത് അനുസരിച്ച് സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരമുള്ള ഏറ്റവും ശക്തമായ നടപടി ഈഘട്ടത്തില്‍ സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ സാമൂഹികമാധ്യമ കുറിപ്പിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ നിരന്തരം അവഹേളിച്ച കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനേയും മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ വ്യവസായ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനേയും സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തുരുന്നു. പ്രശാന്തിനും ഗോപാലകൃഷ്ണനുമെതിരേയുള്ള റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഞായറാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഉന്നത തസ്തികയിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് കളങ്കമുണ്ടാക്കിയെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിലയിരുത്തല്‍.

Leave a Reply