ഏഴു ദിവസത്തിനകം കുക്കി അക്രമികൾക്കെതിരെ കടുത്ത നടപടി വേണം, നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കണം; സര്‍ക്കാരിന് എന്‍ഡിഎ എംഎല്‍എമാരുടെ മുന്നറിയിപ്പ്

0

ഇംഫാല്‍: ആറു പേരെ കൊലപ്പെടുത്തിയതിന് പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരില്‍, കൊലപാതകത്തിന് ഉത്തരവാദികളായ കുക്കി അക്രമികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് എന്‍ഡിഎ എംഎല്‍എമാര്‍. ഏഴു ദിവസത്തിനകം കുക്കി വിഭാഗത്തില്‍പ്പെട്ട അക്രമകാരികള്‍ക്കെതിരെ കൂട്ടായ ഓപ്പറേഷന്‍ നടത്തണമെന്നാണ് ഭരണകക്ഷിയായ എന്‍ഡിഎയുടെ എംഎല്‍എമാര്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലെ 27 എംഎല്‍എമാര്‍ ഇന്നലെ രാത്രി യോഗം ചേര്‍ന്നാണ് പ്രമേയം പാസ്സാക്കിയത്. നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും അടക്കം കൊലപ്പെടുത്തിയ അക്രമികള്‍ക്കെതിരെ ഏഴുദിവസത്തിനകം കൂട്ടായ ഓപ്പറേഷന്‍ എടുക്കുക, കൊലയ്ക്ക് ഉത്തരവാദികളായ കുക്കി അക്രമികളെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

കേസുകള്‍ ഉടന്‍ എന്‍ഐഎയ്ക്ക് കൈമാറുക, സംസ്ഥാനത്ത് അഫ്‌സ്പ നിയമം ഏര്‍പ്പെടുത്തിയത് പുനഃപരിശോധിക്കുക, സംസ്ഥാനത്ത് സമാധാനവും, ജനങ്ങളുടെ സുരക്ഷയും ഉറപ്പു വരുത്താനുള്ള അടിയന്തര നടപടികള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കൈക്കൊള്ളണമെന്നും എംഎല്‍എമാര്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴു ദിവസത്തിനകം തീരുമാനം ഉണ്ടാകണമെന്നും, അല്ലെങ്കില്‍ ജനങ്ങളുമായി ആലോചിച്ച് തുടര്‍നടപടി കൈക്കൊള്ളുമെന്നും എംഎല്‍എമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എംഎല്‍എമാരുടെ വീടുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ചിട്ടുണ്ട്.

ജിരിബോം ജില്ലയില്‍ ഒരു കുടുംബത്തിലെ അടക്കം ആറുപേരെ കൊലപ്പെടുത്തിയതോടെയാണ് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രണ്ടു വയസ്സുകാരന്റെ തലയില്ലാത്തത് അടക്കം ഏതാനും മൃതദേഹങ്ങള്‍ നദിയില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്നു സ്ത്രീകളും മൂന്നു കുട്ടികളും ഉള്‍പ്പെട്ടിരുന്നു. വീണ്ടും സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. മണിപ്പൂരിലെ സ്ഥിതിഗതികള്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ സസൂക്ഷ്മം വിലയിരുത്തി വരികയാണ്. അക്രമം നേരിടുന്നതില്‍ മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ പരാജയമാണെന്ന് കുറ്റപ്പെടുത്തി സഖ്യകക്ഷിയായ എന്‍പിപി പിന്തുണ പിന്‍വലിച്ചിട്ടുണ്ട്.

Leave a Reply