ഇംഫാല്‍: മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ നിന്ന് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷം വ്യാപിക്കുന്നു. കൊലപാതകത്തിന് ഇരകളായവര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മെയ്‌തേയ് വിഭാഗക്കാര്‍ രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എല്‍.എമാരുടെയും വീടുകള്‍ ആക്രമിച്ചു.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കര്‍ഫ്യൂ തുടരം. ഏഴ് ജില്ലകളിലെ ഇന്റര്‍നെറ്റും നിരോധിച്ചിട്ടുണ്ട്. സമാധാനം പുനസ്ഥാപിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.
കലാപം ഉണ്ടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ട്. ബിഷ്ണുപുര്‍ ജില്ലയിലെ വന മേഖലയിലാണ് സുരക്ഷാസേനയും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷാ സേനയ്ക്ക് നേരെ ആക്രമികള്‍ വെടിയുതിര്‍ത്തു. 40 വട്ടം വെടി ഉതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെ വീട്ടിലേക്ക് ആള്‍ക്കൂട്ടം ഇരച്ചുകയറി. ഉപഭോക്തൃകാര്യ, പൊതുവിതരണ മന്ത്രി എല്‍. സുശീന്ദ്രോ സിങ്ങിന്റെ വീടും ആക്രമിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍, മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ മരുമകന്‍ കൂടിയായ ബി.ജെ.പി എം.എല്‍.എ ആര്‍.കെ ഇമോയുടെ വീടാണ് ഉപരോധിച്ചത്. കാണാതായവരെ കൊലപ്പെടുത്തിയ പ്രതികളെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. സ്വതന്ത്ര എം.എല്‍.എ സപം നിഷികാന്ത സിങ്ങിന്റെ വസതിയിലെത്തിയ പ്രതിഷേധക്കാര്‍ എം.എല്‍.എ സ്ഥലത്തില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പ്രാദേശിക പത്രം ഓഫിസ് ആക്രമിച്ചു.
മണിപ്പൂര്‍-അസം അതിര്‍ത്തിയിലെ ജിരി നദിയുടെയും ബരാക് നദിയുടെയും സംഗമസ്ഥാനത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജിരിബാമിലെ ബോറോബെക്രയില്‍നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് രണ്ട് കുട്ടികളുടെയും സ്ത്രീയുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഇവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹങ്ങള്‍ അസമിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടം ചെയ്യാനായി മാറ്റി.
മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന വാര്‍ത്ത ഇംഫാല്‍ താഴ്വരയില്‍ പരന്നതോടെ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. അതിനിടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് മുതിര്‍ന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധിയായിരുന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.
തിങ്കളാഴ്ച രാത്രി ബോറോബെക്രയില്‍നിന്ന് മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ട ആറുപേരെയാണ് കാണാതായത്. ഇവരെ തട്ടിക്കൊണ്ടുപോയതായാണ് ആരോപണം.