മുംബൈ: മഹാരാഷ്‌ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രകടനപത്രിക പുറത്തിറക്കി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രകടനപത്രിക പുറത്തിറക്കിയത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, മുംബൈ ബിജെപി പ്രസിഡന്റ് ആശിഷ് ഷേലാർ, കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. നിലവിലെ മഹായൂതി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു അമിത് ഷാ പ്രകടനപത്രിക പുറത്തിറക്കിയത്. മഹാരാഷ്‌ട്രയുടെ വികസനത്തിൽ ബിജെപി പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്‌ട്രയിലെ ജനങ്ങൾക്കായി ഈ പ്രകടനപത്രിക സമർപ്പിക്കുന്നു. എൻഡിഎ സഖ്യത്തിന്റെ നേതൃത്വത്തിൽ മഹാരാഷ്‌ട്രയിലെ ജിഡിപിയിൽ ഗണ്യമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക് മഹായൂതി സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടത് അത്യന്താപേക്ഷിതമാണ്. റോഡ് ഇൻഫ്രാസ്ട്രക്ചർ, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് കൂടുതൽ ഹൈവേകൾ എന്നിവയെല്ലാം യാഥാർത്ഥ്യമാകാൻ ഡബിൾ എഞ്ചിൻ സർക്കാർ ഇവിടെ ഉണ്ടാകേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു. അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യയെ എത്തിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധരാണ്, ഈ പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്ന് ബിജെപി ഉറപ്പുനൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദർശന രേഖ (“vision document”) എന്ന പേരിലാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്. മിഷൻ ഒളിമ്പിക്സ് 36, കാർഷിക സഹായങ്ങൾ, ലഡ്കി ബെഹന യോജന, ആരോഗ്യപരിരക്ഷ എന്നിങ്ങനെ നിരവധി കാര്യങ്ങളെക്കുറിച്ച് പ്രകടനപത്രികയിൽ പ്രതിപാദിക്കുന്നുണ്ട്.