കമല ഹാസനെ ഉലകനായകൻ എന്നാണ് ആരാധകർ സ്നേഹത്തോടെയും ആരാധനയോടെയും വിശേഷിപ്പിക്കുന്നത്. കമല്‍ഹാസൻ നായകനായ ദശാവതാരം എന്ന ചിത്രത്തില്‍ ഉലകനായകനേ എന്ന ഒരു ഗാനംപോലുമുണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ കമല്‍ഹാസൻ നടത്തിയ ഒരഭ്യർഥന ആണ് ചർച്ചയാവുന്നത്. തന്നെ ഇനിയാരും ഉലകനായകൻ എന്ന് വിളിക്കരുത് എന്നാണ് കമല്‍ഹാസൻ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് അദ്ദേഹത്തിന്റെ ഈ അഭ്യർത്ഥന.
ആരാധകരും മാധ്യമങ്ങളും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍, പാർട്ടി അംഗങ്ങള്‍ തുടങ്ങി ആരും ഇനി തന്നെ ഉലകനായകൻ എന്ന് വിളിക്കേണ്ടതില്ലെന്നും കമല്‍ ഹാസൻ എന്നോ കമല്‍ എന്നോ കെ.എച്ച് എന്നോ അഭിസംബോധന ചെയ്താല്‍ മതിയെന്നും ആണ് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
“എന്നോടുള്ള സ്നേഹം കൊണ്ടാണ് നിങ്ങള്‍ എന്നെ ‘ഉലകനായകൻ’ എന്നതുള്‍പ്പെടെയുള്ള പ്രിയപ്പെട്ട പല പേരുകളും വിളിച്ചത്. സഹ കലാകാരന്മാരും ആരാധകരും നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന അത്തരം അഭിനന്ദന വാക്കുകളില്‍ ഞാൻ സന്തുഷ്ടനാണ്. നിങ്ങളുടെ സ്നേഹത്തിന് ഞാൻ എന്നേക്കും നന്ദിയുള്ളവനാണ്.
ഏതൊരു വ്യക്തിയേക്കാളും വലുതാണ് സിനിമ എന്ന കല. കൂടുതല്‍ പഠിക്കാനും കലയില്‍ വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിയാണ് ഞാൻ. മറ്റ് കലകളെപ്പോലെ സിനിമയും എല്ലാവർക്കും വേണ്ടിയുള്ളതാണ്. എല്ലാവർക്കും വേണ്ടി. കഴിവുള്ള കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും നല്ല പ്രേക്ഷകരുടെയും കൂട്ടായ്മയായാണ് സിനിമ രൂപപ്പെടുന്നത്.
കലാകാരൻ കലയേക്കാള്‍ വലുതല്ലെന്നാണ് എൻ്റെ അഗാധമായ വിശ്വാസം. എൻ്റെ അപൂർണതകളെക്കുറിച്ചും മെച്ചപ്പെടുത്താനുള്ള എൻ്റെ കടമയെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഏറെ ആലോചിച്ച ശേഷം ഒരു തീരുമാനം എടുക്കേണ്ടി വന്നത്. മേല്‍പ്പറഞ്ഞ ശീർഷകങ്ങളും വിശേഷണങ്ങളും മാന്യമായി നിരസിക്കാൻ ഞാൻ നിർബന്ധിതനാകുന്നു.
വർഷങ്ങളായി നിങ്ങളുടെ ദയക്ക് വീണ്ടും നന്ദി. ഈ തീരുമാനം വിനയത്തിൻ്റെയും എൻ്റെ വേരുകളിലും ലക്ഷ്യത്തിലും വിശ്വസ്തത പുലർത്താനുള്ള ആഗ്രഹത്തില്‍ നിന്നാണ് വരുന്നതെന്ന് ദയവായി അറിയുക.” എന്നാണ് കമല്‍ഹാസന്റെ വാക്കുകള്‍.