വയനാട് : കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വേട്ടയാടാനുറച്ച് കോൺഗ്രസ്. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് പരാതി നൽകി .
മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടി കെപിസിസി മീഡിയ പാനലിസ്റ്റ് വി.ആർ.അനൂപാണ് വയനാട് കമ്പളക്കാട് പൊലീസിൽ പരാതി നൽകിയത്. വഖഫ് ബോർഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നുമായിരുന്നു വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞത്.
നാലക്ഷര ബോർഡ് ഭീകരനെ പാർലമെന്റിൽ തളയ്‌ക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. “കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർക്ക് അങ്കലാപ്പാണ്. അവരുടെയൊക്കെ രാഷ്‌ട്രീയ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അവർക്ക് എതിർനീക്കം നടത്താൻ സാധിക്കാത്ത ഗതികെട്ട അവസ്ഥയാണ്.
കോടതിക്ക് പുറത്തുവച്ച് തീർക്കാമെന്നാണ് അവർ മുനമ്പത്ത് ചെന്ന് പറഞ്ഞത്. വലിയ തട്ടിപ്പാണത്. ഏതു കോടതി എന്നാണ് അവർ ഉദ്ദേശിച്ചത്. ആ ബോർഡിന്റെ കോടതിയോ ? അതിന് പുല്ലുവില നൽകില്ല. ഒരു കോടതിക്ക് പുറത്തുവച്ചും തീർക്കേണ്ട. ഞങ്ങൾ അത് ഇന്ത്യൻ പാർലമെന്റിൽ വച്ച് തീർത്തോളാം. ബിൽ പുല്ലുപോലെ പാസാക്കാമായിരുന്നു. എന്നാൽ രാഷ്‌ട്രീയ മര്യാദയുടെ പേരിലാണ് ജോയിന്റ് പാർലമെന്റ് കൗൺസിലിന് വിട്ടത്. അടുത്ത സമ്മേളനത്തിൽ ഇതിന് തീർപ്പ് വരും. കിരാത വാഴ്ച മുളച്ചുവരാൻ പോലും അനുവദിക്കില്ല”. സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തിയെന്നും രണ്ട് മതവിഭാഗങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നു എന്നും പരാതിയിൽ ആരോപിക്കുന്നു. സുരേഷ് ഗോപിക്കെതിരെ വി ആർ അനുപ് മുൻപും പരാതി നൽകിയിരുന്നു. ചേലക്കരയിൽ സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ അവഹേളിച്ചു എന്നാരോപിച്ചാണ് ഇയാൾ പരാതി നൽകിയത്. പരാതിയിൽ കഴമ്പില്ല എന്ന് കണ്ട പോലീസ് കേസെടുത്തിരുന്നില്ല.