ന്യൂഡൽഹി: വോട്ടുവാങ്ങി കീശയിലാക്കിയിട്ടും ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ വീഴ്ച കാണിച്ച കർണാടക സർക്കാരിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ വന്നതോടെ കോൺഗ്രസിന്റെ യഥാർത്ഥ രൂപം കർണാടകയിലെ ജനങ്ങൾ മനസിലാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർണാടകയിലെ എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതി നിർത്തലാക്കാൻ ആലോചിക്കുന്നതിനെക്കുറിച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ സൂചന നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വികസനപാതയും സാമ്പത്തിക ആരോഗ്യവും മോശം അവസ്ഥയിൽ നിന്ന് കുറേക്കൂടി വഷളായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി കർണാടകയിൽ അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. എക്സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
വാഗ്ദാനങ്ങൾ നൽകാൻ എളുപ്പമാണെന്നും അവ നടപ്പിലാക്കാൻ പ്രയാസമാണെന്നും കോൺഗ്രസ് തിരിച്ചറിഞ്ഞിരിക്കുകയാണ്. ജനങ്ങൾക്ക് ഉറപ്പുകൾ നൽകി, ക്യാമ്പയിനുകൾക്ക് പിന്നാലെ ക്യാമ്പയിൻ നടത്തുകയായിരുന്നു അവർ. അതൊന്നും പാലിക്കാൻ കഴിയില്ലെന്ന് അന്നേ കോൺഗ്രസിന് അറിയാമായിരുന്നു. ഇപ്പോൾ അവരുടെ തനിസ്വരൂപം കർണാടകയിലെ ജനങ്ങൾക്ക് മുൻപിൽ വെളിവായി. ഇതുപോലെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി അത് പാലിക്കാതെ ഭരിക്കുന്ന രാഷ്‌ട്രീയത്തിന്റെ ഇരകളാകുന്നത് പാവപ്പെട്ടവരും യുവാക്കളും കർഷകരും സ്ത്രീകളുമാണ്. അവർക്ക് ലഭിച്ച ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, അവർക്ക് നേരത്തെ ലഭിച്ചുകൊണ്ടിരുന്ന പദ്ധതികൾ ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഹിമാചലിൽ സർക്കാർ ജീവനക്കാർക്ക് കിട്ടേണ്ട ശമ്പളം സമയത്തിന് ലഭിക്കുന്നില്ല, തെലങ്കാനയിൽ സർക്കാർ നൽകുമെന്ന് പറഞ്ഞ ഇളവുകൾക്കായി കർഷകർ കാത്തിരിക്കുകയാണ്. കർണാടകയിലാണെങ്കിൽ ആഭ്യന്തര രാഷ്‌ട്രീയ കാര്യങ്ങളുടെ തിരക്കിലാണ് സംസ്ഥാന സർക്കാർ. വികസനത്തിനായി എന്തെങ്കിലും ചെയ്യാനുള്ള സമയം അവർക്കില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.