കൽപറ്റ: ഒരുമിച്ചു സ്വപ്നം കണ്ട ജീവിതം ആരംഭിച്ചു തുടങ്ങിയപ്പോൾ തന്നെ മേഘ്നയെ തനിച്ചാക്കി ജിതിന്‍ യാത്രയായി. മേഘ്നയെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്ന് അറിയാതെ കുഴയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. വിവാഹം കഴിഞ്ഞിട്ട് ഒരുമാസം പോലുമാകും മുന്‍പാണ് വിധി ജിതിന്‍റെയും മേഘ്നയുടെയും ജീവിതത്തില്‍ വാഹനാപകടത്തിന്‍റെ രൂപത്തില്‍ എത്തിയത്.
വയനാട് മൂടക്കൊല്ലി സ്വദേശിയാണ് ജിതിന്‍. 33 വയസ്സായിരുന്നു പ്രായം. ഒക്ടോബര്‍ ആദ്യവാരമായിരുന്നു മേഘ്നയുമായുള്ള ജിതിന്‍റെ പ്രണയവിവാഹം. ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു മേഘ്ന. ഇവിടെവച്ചാണ് ജിതിന്‍ മേഘ്നയെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ഈ തുണിക്കടയില്‍ മേഘ്നയെ കാണാനെത്തുന്നത് പതിവായി. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നു മേഘ്നയെ അറിയിച്ചു.
മേഘ്നയുടെ വീട്ടില്‍നിന്ന് ഇരുവരുടെയും വിവാഹത്തിന് വലിയ സഹകരണമുണ്ടായില്ല. പഠിക്കാനാണു താല്‍പര്യമെന്നും അതിനുള്ള സാഹചര്യങ്ങളില്ലായിരുന്നു എന്നും മേഘ്ന പറഞ്ഞതോടെ ജിതിന്‍ അതിനുള്ള വഴിയും കണ്ടെത്തി. കര്‍ണാടകയിലെ ഒരു കോളജില്‍ മേഘ്നയെ പഠനത്തിനയച്ചു. തന്നെ മനസ്സിലാക്കി കൂടെനില്‍ക്കുന്ന ഒരു തുണ തനിക്കൊപ്പമുണ്ടെന്ന ആശ്വാസത്തില്‍ മേഘ്ന ജീവിച്ചു തുടങ്ങി.
ഒക്ടോബര്‍ 31ന് കര്‍ണാടക ചാമരാജനഗറില്‍ വച്ചാണ് ജിതിനും സംഘവും സഞ്ചരിച്ചിരുന്ന വാനിലേക്ക് മറ്റൊരു വാനിടിച്ച് അപകടമുണ്ടായത്. ടയര്‍ പൊട്ടി നിയന്ത്രണം വിട്ടുവന്ന വാന്‍ ജിതിന്‍ ഓടിച്ചിരുന്ന വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ജിതിന്‍ മരിച്ചു. പരുക്കുപറ്റിയ മൂന്നുപേരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു ജിതിന്‍റെ സംസ്കാരച്ചടങ്ങ്.
നാടിനും കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു ജിതിന്‍ എന്ന കുട്ടായി. അപ്രതീക്ഷിത അപകട വാര്‍ത്ത എല്ലാവരെയും തളര്‍ത്തി. സ്വകാര്യ ക്വാറിയിലെ ജോലിക്കാരനായിരുന്നു ജിതിന്‍. അച്ഛന്‍ ബാബുവും അമ്മ ശ്യാമളയുമാണ് വീട്ടിലുള്ളത്. സഹോദരി ശ്രുതി വിവാഹിതയാണ്.