വാങ്കഡെ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. കളിനിർത്തുമ്പോൾ 43.3 ഓവറിൽ 171/9 എന്ന നിലയിലാണ് കിവീസ്. 28 റൺസ് കമ്മിയുമായി ഇറങ്ങിയ കിവീസിന് 143 റൺസിന്റെ ലീഡുണ്ട്. സ്പിന്നിനെ തുളയ്‌ക്കുന്ന പിച്ചിൽ മൂന്നാം ദിവസത്തെ കളി ആവേശകരമാകും. 51 റൺസെടുത്ത വിൽ യംഗ് ആണ് ടോപ്സ്കോറർ. നാല് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്സിലും ന്യൂസിലൻഡ് ബാറ്റർമാരെ വട്ടം കറക്കിയത്. അശ്വിന് മൂന്ന് വിക്കറ്റ് ലഭിച്ചു. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 263 റൺസിൽ അവസാനിച്ചിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിന്റെയും ഋഷഭ് പന്തിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്.
96 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഗില്ലിന് പത്ത് റൺസകടെ അർഹിച്ച സെഞ്ച്വറി നഷ്ടമായി. പന്ത് 60 റൺസെടുത്തു. 38 റൺസുമായി വാഷിംഗ്ടൺ സുന്ദർ പുറത്താകാതെ നിന്നു. സർഫറാസ് ഖാൻ ഡക്കായി. രവീന്ദ്ര ജഡേജ(14), അശ്വിൻ(6) എന്നിവർക്ക് തിളങ്ങാനായില്ല. അഞ്ചു വിക്കറ്റ് നേടിയ അജാസ് പട്ടേലിന്റെ സ്പെല്ലാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്. കിവീസിന്റെ രണ്ടാം ഇന്നിംഗ്സിൽ 26 റൺസ് നേടി ഗ്ലെൻ ഫിലിപ്സാണ് മറ്റൊരു ടോപ് സ്കോറർ. ടോം ലാഥം(1), ഡെവോൺ കോൺവെ(22), രചിൻ രവീന്ദ്ര(4), ഡാരിൽ മിച്ചൽ(21), ടോം ബ്ലണ്ടൽ(4), ഇഷ് സ്വാതി(8), മാറ്റ് ഹെന്റി(10) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.