കണ്ണൂർ: അശ്വനി കുമാർ വധക്കേസിൽ 14 എൻഡിഎഫ് ഭീകരരിൽ 13 പേരെയും വെറുതെവിട്ട വിധി നടക്കുമുണ്ടാക്കുന്നതെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. നിയസംവിധാനത്തിൽ പരിപൂർണ്ണ വിശ്വാസമുണ്ടെങ്കിലും തികച്ചും നിരാശജനകമായ വിധിയാണ് ഉണ്ടായത്. മേൽക്കോടതിയിൽ വിധിക്കെതിരെ അപ്പിൽ പോകുമെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിനൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കേസിൽ പോലും പ്രതിയാകാത്ത ആളാണ് അശ്വനി കുമാർ. സംഘടനാ നേതാവായത് കൊണ്ട് മാത്രമാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. പട്ടാപ്പകൽ പായഞ്ചേരി ടൗണിന്റെ മദ്ധ്യത്തിൽ ബസിനുള്ളിലാണ് കൊലപാതകം നടന്നത്. സാക്ഷി മൊഴികൾ ഉണ്ടായിട്ടും ഒരാൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 9 പേർ ചേർന്ന് നടത്തിയ കൊലപാതകത്തിൽ ഒരാൾക്ക് മാത്രം ശിക്ഷ നൽകിയത് വിചിത്രമാണ്.
ആദ്യ ഘട്ടത്തിൽ മാത്യു പോളികാർപ്പിന്റെ അന്വേഷണം നേർവഴിക്കായിരുന്നു. പിന്നീട് യുഡിഎഫ് ഗവൺമെന്റിനെ എൻഡിഎഫ് ക്രിമിനൽ സംഘം സ്വാധീനിച്ചാണ് അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടത്. അന്വേഷണത്തിൽ പാളിച്ചയുണ്ടായെങ്കിലും വിചാരണ വേള സാക്ഷികൾക്ക് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ഒപ്പം എല്ലാം തെളിവുകളും ഹാജരാക്കാൻ സാധിച്ചു. എന്നിട്ടും ഇത്തരം ഒരു വിധി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്താണ്.
അന്വേഷിച്ച ഉദ്യോഗസ്ഥർ പ്രതികളെ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയതിന് ശേഷം പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങാൻ പോലും ക്രൈംബ്രാഞ്ച് തയ്യാറായില്ല. അന്വേഷണ ഉദ്യോസ്ഥർ പലതരത്തിൽ സ്വാധീനക്കപ്പെട്ടെന്നും ഇത് തെളിവ് സഹിതം മേൽക്കോടതിയിൽ സ്ഥാപിക്കുമെന്നും വത്സൻ തില്ലങ്കേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അശ്വിനി കുമാർ വധക്കേസിൽ പ്രതികളായ 14 എൻഡിഎഫ് ഭീകരരിൽ 13 പേരെയും കോടതി വെറുതെ വിട്ടു. മൂന്നാം പ്രതിയെ മാത്രമാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2005 മാർച്ചിലായിരുന്നു എൻഡിഎഫ് ക്രിമിനലുകൾ ചേർന്ന് അശ്വിനി കുമാറിനെ വെട്ടിക്കൊന്നത്. രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്നു അശ്വനി കുമാർ.