കയ്റോ: ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കഴിഞ്ഞ ദിവസം രാത്രിയിൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ആശുപത്രികളും അഭയാർത്ഥി ക്യാമ്പുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരിലേറെയും നുസറത്ത് അഭയാർത്ഥി ക്യാമ്പിലെ അന്തേവാസികളാണ്.
ബെയ്ത് ലഹിയ കമൽ അദ്‌വാൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗം മേധാവി അഹമ്മദ് അൽ കഹ്‌ലോട്ട് ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആശുപത്രി ഡയറക്ടർക്കും 12 ആരോഗ്യപ്രവർത്തകർക്കും ഈ ആഴ്ച ആദ്യം നടന്ന ആക്രമണത്തിൽ പരുക്കേറ്റിരുന്നു. മരുന്നിന്റെയും ഭക്ഷണത്തിന്റെയും ക്ഷാമത്തെ തുടർന്നു ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലാണ്.
ജനങ്ങളെ പൂർണമായി ഈ മേഖലകളിൽനിന്നു ഒഴിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള ആക്രമണമെന്നു ആരോപണമുണ്ട്. ഇസ്രയേൽ സൈന്യം പിന്മാറിയ പ്രദേശങ്ങളിലേക്കു പലസ്തീൻ കുടുംബങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മടങ്ങിയെത്തി തുടങ്ങിയിരുന്നു. തടവിലായിരുന്ന 30 പലസ്തീൻകാരെ ഇസ്രയേൽ കഴിഞ്ഞ ദിവസം മോചിപ്പിച്ചു. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ബസിനു നേരെ ഹമാസ് അംഗം നടത്തിയ വെടിവയ്പിൽ 8 പേർക്കു പരുക്കേറ്റു. സൈന്യത്തിന്റെ വെടിവയ്പിൽ ഇയാൾ കൊല്ലപ്പെട്ടു.