ന്യൂസിലൻഡിനോട് നാട്ടിൽ പരമ്പര തോറ്റ ക്ഷീണം ഇന്ത്യൻ യുവനിര തീർത്തത് ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തിൽ വീഴ്‌ത്തി പരമ്പര സ്വന്തമാക്കി. 3-1നായിരുന്നു വിജയം. നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ 135 റൺസിനായിരുന്നു നീലപ്പടയുടെ ജയം. 18.2 ഓവറിൽ പ്രോട്ടീസ് 148 റൺസിന് പുറത്തായി.
ബാറ്റിംഗ് വെടിക്കട്ടിൽ തുടങ്ങിയ മത്സരം ബൗളർമാരുടെ കുടമാറ്റത്തോടെയാണ് അവസാനിച്ചത്. 283 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പ്രോട്ടീസിന്റെ മുൻനിരയെ വേരോടെ പിഴുത് അർഷദീപ് തുടക്കത്തിലെ മത്സരത്തിന്റെ വിധിയെഴുതി.
മൂന്നോവറിൽ 10 റൺസെടുക്കുന്നതിനിടെ നാലുപേരാണ് വീണത്. ഈ ആഘാതം മറികടന്ന് മത്സരത്തിലേക്ക് തിരികെ വരാൻ പിന്നീട് അവർക്ക് കഴിഞ്ഞില്ല. സീം ബൗളിംഗിന്റെ മനോഹാര്യത നിറയ്‌ക്കുന്നതായിന്നു അർഷദീപിന്റെയും ഹാർദിക്കിന്റെയും സ്പെല്ലുകൾ. ഏഴുപേരാണ് രണ്ടക്കം കാണാതെ ക്രീസ് വിട്ടത്. 29 പന്തിൽ 43 റൺസെടുത്ത ട്രിസ്റ്റൺ സ്റ്റബ്സ് ആണ് ടോപ് സ്കോർ. ഡേവിഡ് മില്ലർ 36 റൺസ് നേടി. ഇവർക്ക് തോൽവിയുടെ ഭാരം കുറയ്‌ക്കാൻ മാത്രമേ സാധിച്ചുള്ളു. മാർകോ യാൻസൻ 29 റൺസുമായി പുറത്താകാതെ നിന്നു.
മൂന്നോവറിൽ 20 റൺസ് വഴങ്ങിയാണ് അർഷദീപ് 3 വിക്കറ്റ് പീഴുതത്. മൂന്നോവർ എറിഞ്ഞ ഹാർദിക് 8 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ 2 വിക്കറ്റ് നേടി. രമൺദീപ് സിംഗ്, രവി ബിഷ്ണോയ് എന്നിവർക്ക് ഒരു വിക്കറ്റ് ലഭിച്ചു. 12 വിക്കറ്റ് വീഴ്‌ത്തി വരുൺ ചക്രവർത്തി പരമ്പരയിൽ തിളങ്ങി. തിലക് പരമ്പരയുടെയും മത്സരത്തിലെയും താരമായി.