ന്യൂഡൽഹി: ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗം ആഗോള ശരാശരിയേക്കാൾ കൂടുതൽ. ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ (BCG) പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യൻ കമ്പനികൾ വളർന്നുവരുന്ന AI സാങ്കേതികവിദ്യകളുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു.
30 ശതമാനം ഇന്ത്യൻ കമ്പനികളും AI- യുടെ ഉപയോഗം പരമാവധി വർദ്ധിപ്പിച്ചു. ആഗോള ശരാശരിയായ 26 ശതമാനത്തെ മറികടന്നാണ് ഈ നേട്ടം. AI യുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള സന്നദ്ധതയിൽ ഇന്ത്യ വേറിട്ടുനിൽക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. എഐ രംഗത്ത് ഇന്ത്യയിൽ മുൻനിരയിൽ നിൽക്കുന്നവർ ഉൽപ്പാദനക്ഷമതയ്ക്കപ്പുറം പുതിയ ബിസിനസ്സ് മോഡലുകൾ പുനർരൂപകൽപ്പന ചെയ്യാനും കണ്ടുപിടിക്കാനും താല്പര്യം പ്രകടിപ്പിക്കുന്നു.
ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ 59 രാജ്യങ്ങളിലായാണ് പഠനം നടത്തിയത്. ഇവിടങ്ങളിലെ 20-ലധികം മേഖലകളിൽ നിന്നുള്ള 1,000 ചീഫ് എക്സ്പീരിയൻസ് ഓഫീസർമാരുടെയും (CxOs) സീനിയർ എക്സിക്യൂട്ടീവുകളുടെയും സർവേയെ അടിസ്ഥാനമാക്കിയാണ് “എവിടെയാണ് AI-യുടെ മൂല്യം?” എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട്. പത്തോളം പ്രമുഖ വ്യവസായങ്ങളെയും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.