ന്യൂഡൽഹി: യുഎസ് പ്രസിഡന്റായി വിജയം ഉറപ്പിച്ച ഡോണൾഡ് ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ ഗംഭീരമായ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചതായി മോദി പറഞ്ഞു. ഇന്ത്യ- യുഎസ് ബന്ധം മെച്ചപ്പെടുത്താൻ ഒരിക്കൽകൂടി ഒരുമിച്ച് അടുത്ത് പ്രവർത്തിക്കാനായി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാങ്കേതിക രംഗത്തും പ്രതിരോധ, ഊർജ്ജ മേഖലകളിലും ബഹിരാകാശ രംഗത്തും ഉൾപ്പെടെ കൂടുതൽ സഹകരണം സാദ്ധ്യമാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തന്റെ വിജയത്തിന് പിന്നാലെ ആദ്യം അഭിനന്ദിച്ച ലോക നേതാക്കളിൽ ഒരാൾ നരേന്ദ്രമോദിയാണെന്ന് ആയിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രതികരണം. ലോകം മുഴുവൻ മോദിയെ സ്‌നേഹിക്കുന്നു. ഇന്ത്യ മഹത്തായ ഒരു രാജ്യമാണ്. മോദി പ്രതാപശാലിയായ വ്യക്തിയും ട്രംപ് കൂട്ടിച്ചേർത്തു.
ആഗോള വെല്ലുവിളികൾ നേരിടുന്നതിലുൾപ്പെടെ കൂടുതൽ അടുത്ത് സഹകരിക്കാനുളള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേടിയ ഉജ്ജ്വല വിജയം പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
യുഎസ് പ്രസിഡന്റായുളള ട്രംപിന്റെ ആദ്യ ഊഴത്തിലും ഇന്ത്യയും യുഎസും പ്രതിരോധ ഊർജ്ജ വ്യാപര മേഖലകളിൽ ദൃഢമായ സഹകരണം ഉറപ്പിച്ചിരുന്നു. മൈ ഫ്രണ്ട് എന്ന ഇരുനേതാക്കളുടെയും അഭിസംബോധനയും ലോക നേതാക്കൾക്കിടയിൽ വലിയ ചർച്ചയായിരുന്നു.