പാരീസ്: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ടെന്നീസിലെ ലോക രണ്ടാം നമ്പർ താരത്തിന് ഒരുമാസം വിലക്ക്. പോളണ്ടിന്റെ വനിതാ ടെന്നീസ് താരം ഇഗ സ്വിയാടെക്കിനെയാണ് നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് വിലക്കിയത്. അഞ്ചുവട്ടം ഗ്രാൻസ്ലാം നേടിയിട്ടുള്ള താരമാണ് സ്വിയാടെക്.
ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നൽകുന്ന ട്രിമെറ്റാഡിസിൻ എന്ന മരുന്ന് സ്വിയാടെക് ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. ഇക്കാര്യം താരം സമ്മതിച്ചു. ഉറക്കസംബന്ധമായ പ്രശ്‌നങ്ങൾ മാറ്റാൻ ഉപയോഗിച്ച മരുന്നാണ് വിനയായതെന്ന് താരം സമ്മതിച്ചു. സ്വിയാടെക്കിന് കഴിഞ്ഞ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ നാലുവരെ താത്കാലിക വിലക്ക് ലഭിച്ചിരുന്നു. ഈ കാലയളവുകൂടി പരിഗണിച്ചാകും വിലക്കുണ്ടാകുക. അന്താരാഷ്ട്ര ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസിയാണ് വിലക്ക് പ്രഖ്യാപിച്ചത്.