സന്നിധാനം: കുട്ടിക്കാലം മുതൽക്കേ അയ്യപ്പനെ പൂജിക്കണമെന്ന ആഗ്രഹം സഫലമായെന്ന് ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി. അയ്യനെ സേവിക്കാൻ കിട്ടിയ ഒരു വർഷം സൗഭാഗ്യമായി കരുതുന്നു. ഓരോ ഭക്തനും വ്രതം നോറ്റ് ഭക്തിയോടെ അയ്യനെ ദർശിക്കാനെത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഭഗവാന്റെ കാരുണ്യവും കടാക്ഷവുമാണ് ഇവിടേക്ക് എത്തിച്ചത്. അയ്യപ്പക്ഷേത്രത്തിലാണ് പൂജ തുടങ്ങിയത്. അന്നു മുതൽ അയ്യപ്പനോട് സ്നേഹവും ഭക്തിയുമൊക്കെ ഉണ്ടായിരുന്നു. അന്ന് മുതൽ അയ്യപ്പനെ പൂജിക്കണം, ശബരിമലയിൽ പൂജ ചെയ്യണമെന്നൊക്കെ അതിയായ മോഹമുണ്ടായിരുന്നു. അതൊക്കെ ഇന്ന് നിറവേറ്റി. ഭക്തിയോടെ എന്ത് പറഞ്ഞാലും ഭഗവാൻ നിറവേറ്റി തരുമെന്നതിന് തെളിവാണ് തനിക്ക് കിട്ടിയ സൗഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. ഗുരുനാഥന്മാരുടെയും അച്ഛനമ്മമാരുടെയും പരമ്പരകളുടെയും അനുഗ്രഹമാണ് ഇത്. എത്ര പ്രാർത്ഥിക്കുന്നുവോ അത്രയും ശക്തി വർദ്ധിക്കും. പ്രാർത്ഥനയും കടാക്ഷവും ഒന്നിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ആദ്യത്തെ ഗുരുവും ദൈവവുമൊക്കെ അമ്മയാണ്. പ്രകൃതി തന്നെ ഭഗവതിയാണ്. അമ്മയുടെ സവിധത്തിലാണ് നമ്മുടെ തുടക്കം. എന്റെ വിശ്വാസം അങ്ങനെയാണ്. ആദ്യകാലം മുതൽക്കേ എന്റെ ഗുരുനാഥൻ ശബരിമല മേൽശാന്തിയാകാൻ അപേക്ഷ സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. പക്ഷേ അന്ന് ധൈര്യക്കുറവുണ്ടായിരുന്നു. എന്നാൽ ആറ്റുകാൽ ക്ഷേത്രത്തിൽ പോയി അവിടെ പൂജാദികർമങ്ങളൊക്കെ ചെയ്ത് തുടങ്ങിയതോടെ ധൈര്യം ലഭിച്ചു. ഭഗവതി കൂടെയുണ്ടെന്ന ആത്മവിശ്വാസമുണ്ട്. മറ്റ് ഭഗവാന്മാരൊക്കെ കൂടെയുണ്ടെങ്കിൽ അമ്മ കുഞ്ഞിന് നൽകുന്ന കരുതലിന് സമാനമാണ് ഭഗവതി എനിക്ക് നൽകുന്ന കരുതലെന്നും അദ്ദേഹം പറഞ്ഞു.
ഭക്തിക്ക് വളരെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കലികാലത്തെ നാമജപത്തിന്റെ ശക്തിയേറെയാണ്. 41 ദിവസത്തെ വ്രതമെടുത്ത് ശബരിമലയിലെത്തുന്ന ഭക്തർ പ്ലാസ്റ്റികിന്റെ ഉപയോഗം കുറയ്‌ക്കണമെന്നും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.