ടെല്‍ അവീവ്: വടക്കന്‍ ഇസ്രയേലില്‍ റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹിസ്ബുല്ല. വടക്കന്‍ ഇസ്രയേലില്‍ രണ്ടുഘട്ടമായി നൂറുകണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചാണ് ഹിസ്ബുല്ലയുടെ ആക്രമണമെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെയ്റൂട്ടിലെ പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ആക്രമണം.
165 ലധികം റോക്കറ്റുകള്‍ ഹിസ്ബുല്ല ഇസ്രയേലിനു നേരെ തൊടുത്തതായും ഒരു വയസ്സുകാരി ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്നുള്ള ഒരു വിഡിയോ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.
വടക്കന്‍ ഇസ്രയേല്‍ ആക്രമണത്തിനിരയായതായും ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ ജനങ്ങളെ സംരക്ഷിക്കുന്നത് തുടരുമെന്നും ഐഡിഎഫ് എക്‌സില്‍ കുറിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹിസ്ബുല്ല കര്‍മിയേല്‍ പ്രദേശത്തെ പരിശീലനകേന്ദ്രമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും വ്യക്തമാക്കി. രണ്ടുഘട്ടമായി നടന്ന ആക്രമണത്തില്‍ ആദ്യഘട്ടത്തിലെ എണ്‍പതോളം റോക്കറ്റുകള്‍ വ്യോമപ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഇസ്രയേല്‍ സൈന്യം തകര്‍ത്തു.