തൃശൂര്‍: വാഴച്ചാലില്‍ റോഡില്‍ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് കുടുങ്ങിക്കിടന്നത് ഒരു മണിക്കൂര്‍ നേരം. ആനകള്‍ കാടുകയറിയ ശേഷമാണ് സനീഷ് കുമാറിന് ചാലക്കുടിയിലേയ്ക്ക് തിരിക്കാനായത്. നിരവധി വാഹനങ്ങളും കാട്ടില്‍ കുടുങ്ങി.
ഇന്നലെ രാത്രി എട്ടുമണിയോടെ മലക്കപ്പാറ വാഴച്ചാല്‍ വച്ചായിരുന്നു സംഭവം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തോട്ടം തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്ത് മടങ്ങുകയായിരുന്നു എംഎല്‍എ. ആദ്യം മൂന്ന് കാട്ടാനകള്‍ അടങ്ങുന്ന സംഘത്തിനു മുന്നിലാണ് എംഎല്‍എയുടെ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങിയത്.
പിന്നീട് ഒരു കുട്ടിയാനടങ്ങുന്ന മറ്റൊരു മൂന്നംഗ കാട്ടാനക്കൂട്ടം വീണ്ടും ഏറെനേരം വാഹനങ്ങള്‍ തടഞ്ഞിട്ടു. അതിനിടെ കാട്ടാനകള്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ തിരിയുകയും ചെയ്തു. ഈ സമയത്ത് വനംവകുപ്പിന്റെ വാഹനമെത്തിയതോടെയാണ് കാട്ടാനക്കൂട്ടം കാടുകയറിയത്.