തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴയിൽ വെള്ളം കയറി കർഷകന്‍റെ 2000 കോഴിക്കുഞ്ഞുങ്ങൾ ചത്തുപോയി. പ്രദേശത്തെ ആയിരത്തോളം വാഴകളും നശിച്ചു. പോത്തൻകോട് അയിരുപ്പാറ മേലേവിള വാർഡിൽ പ്രദീപ് കുമാറിന്‍റെ കോഴിക്കുഞ്ഞുങ്ങളാണ് വെള്ളം കയറി ചത്തത്. 25 ചാക്ക് കോഴി തീറ്റകളും വെള്ളം കയറി നശിച്ചു.
കനത്ത മഴയിൽ സമീപത്തെ നീർചാലിന് കുറുകെയുള്ള പൈപ്പ് അടഞ്ഞതോടെയാണ് സമീപ പ്രദേശത്ത് മുഴുവൻ വെള്ളം കയറിയത്. എട്ട് ദിവസം പ്രായമായ ഇറച്ചി കോഴി കുഞ്ഞുങ്ങളാണ് ചത്തത്. നാല് ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായതായി കർഷകൻ പറഞ്ഞു.
തോടിന് കുറുകെ അശാസ്ത്രീയമായി റോഡ് പണി ചെയ്തതാണ് പ്രദേശത്ത് വെള്ളം കയറാൻ കാരണമായതായി പ്രദേശവാസികൾ പറയുന്നത്. ഇത് ആദ്യമായാണ് മഴയിൽ പ്രദേശത്ത് ഇത്തരത്തിൽ വെള്ളം കയറുന്നത്.