പാലക്കാട്: സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയതോടെ മലക്കം മറിഞ്ഞ് സിപിഎം. ബിജെപി വിടുമെന്ന സൂചന ലഭിച്ച ആദ്യ ഘട്ടത്തിൽ സന്ദീപ് വാര്യരെ പുകഴ്ത്താൻ മത്സരിച്ചിരുന്ന സിപിഎം നേതാക്കൾ, ഒടുവിൽ കിട്ടാത്ത മുന്തിരി പുളിക്കുമെന്ന നിലപാട് സ്വീകരിക്കാൻ നിർബന്ധിതരായി. ബിജെപി നേതൃത്വത്തിനെതിരെ സന്ദീപ് സംസാരിച്ച സമയത്ത് അദ്ദേഹത്തെ വേണ്ടവിധം പുകഴ്ത്തിയ നേതാവായിരുന്നു മുൻമന്ത്രി എകെ ബാലൻ. എന്നാലിന്ന് സന്ദീപ് കോൺഗ്രസ് പാളയത്തിലേക്ക് പോയതോടെ മലക്കം മറിഞ്ഞിരിക്കുകയാണ് സിപിഎം നേതാക്കൾ.
സന്ദീപിനെ ആനയിച്ച കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനമാണ് സിപിഎം നേതാവ് എഎ റഹീം നടത്തിയത്. സന്ദീപ് വാര്യരെ എടുത്തതിലൂടെ എന്ത് സന്ദേശമാണ് കോൺഗ്രസ് നൽകുന്നതെന്ന് വി.ഡി സതീശൻ വ്യക്തമാക്കണമെന്നും മുസ്ലിം ലീഗ് നിലപാടറിയിക്കണമെന്നും എഎ റഹീം ആവശ്യപ്പെട്ടു. തെറ്റായ സന്ദേശമാണ് കോൺഗ്രസ് നൽകിയത്. സിപിഎമ്മിലേക്ക് സന്ദീപിനെ സ്വാഗതം ചെയ്തിട്ടില്ല. സന്ദീപിനെ സ്വാഗതം ചെയ്യുന്നത് സംബന്ധിച്ച് പരിശോധനയും ആലോചനയും നടത്തിയെന്ന് കരുതിക്കോ.. മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യണമെന്ന് ആഹ്വാനം ചെയ്തയാളാണ് സന്ദീപ്. കേരളത്തിൽ പാർട്ടി മാറണം എന്ന് ആഗ്രഹിക്കുന്നവരുടെ അവസാന ചോയ്സാണ് കോൺഗ്രസ്. അതിൽ ആർക്കും തർക്കമില്ലെന്നും എഎ റഹീം പറഞ്ഞു.
കോൺഗ്രസ് വർഗീയതയുടെ കാളിയനെ കഴുത്തിൽ അണിഞ്ഞെന്നാണ് സിപിഎം നേതാവ് എം. ബി രാജേഷിന്റെ പ്രതികരണം. നൂറുകണക്കിന് വിദ്വേഷ പ്രസ്താവനകൾ നടത്തിയ ആളാണ് സന്ദീപെന്നും വർഗീയതയുടേ കാളിയനെ കഴുത്തിലിടുന്നത് അലങ്കാരമായാണ് കോൺഗ്രസ് കണക്കാക്കുന്നതെന്നും എംബി രാജേഷ് പറഞ്ഞു.
സന്ദീപിനെ സിപിഎമ്മിൽ എടുക്കാൻ ഒരു ചർച്ചയും നടത്തിയിട്ടില്ല. എ.കെ ബാലൻ ആരെക്കുറിച്ചും മോശം പറയാത്ത ആളായതിനാലാണ് സന്ദീപിനെക്കുറിച്ച് അന്നു നല്ലത് പറഞ്ഞത്. കോൺഗ്രസിലെ മതനിരപേക്ഷ വാദികൾക്കോ ലീഗിനോ കൊണ്ടുനടക്കാൻ പറ്റുന്നയാളാണോ സന്ദീപെന്നും എംബി രാജേഷ് ചോദിച്ചു. സന്ദീപ് വാര്യർ വെറും ബിജെപി അല്ല, അയാൾ ചെറുപ്പം മുതൽ ആർഎസ്എസാണെന്നും സിപിഎം നേതാവ് പ്രതികരിച്ചു.
ഒറ്റരാത്രി കൊണ്ട് പാർട്ടി മാറിയ ഡോ. പി സരിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. “സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം പാലക്കാടിനെ ബാധിക്കുന്ന വിഷയമല്ല. അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല” സരിൻ പറഞ്ഞുനിർത്തി.