ഹരിയാന, മഹാരാഷ്‌ട്ര തോൽവികൾ; തന്ത്രം മാറ്റിപ്പിടിക്കാൻ കോൺഗ്രസ്; പ്രവർത്തകർ പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

0

ന്യൂഡൽഹി: ഹരിയാനയിലെയും മഹാരാഷ്‌ട്രയിലെയും വമ്പൻ തോൽവികളുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് തന്ത്രം മാറ്റിപ്പിടിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഇരു സംസ്ഥാനങ്ങളിലെയും തോൽവി വിലയിരുത്താൻ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്.

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ദേശീയ വിഷയങ്ങൾ മാത്രം ആശ്രയിച്ചിരിക്കരുതെന്നാണ് ഖാർഗെയുടെ നിലപാട്. എത്രനാൾ ദേശീയ നേതാക്കളെ ആശ്രയിച്ച് നിങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ആയിരുന്നു ഖാർഗെയുടെ ചോദ്യം. പ്രവർത്തകർ സംസ്ഥാനങ്ങളിലെ പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു ഖാർഗെ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ഒരു വർഷം മുൻപെങ്കിലും ആരംഭിക്കണം. പ്രവർത്തകർ ഗ്രൗണ്ടിൽ നേരത്തെ തന്നെ നിലയുറപ്പിക്കണം. വോട്ടർ പട്ടിക പരിശോധിക്കുകയും പാർട്ടി വോട്ടുകൾ എല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തുകയു ഉൾപ്പെടെ ചെയ്യണമെന്ന് ഖാർഗെ നിർദ്ദേശിച്ചു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപാണ് കണ്ടത്. എന്നാൽ തുടർന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആ നേട്ടം നിലനിർത്താനായില്ലെന്ന് ഖാർഗെ തുറന്നുപറഞ്ഞു. അന്തരീക്ഷം അനുകൂലമാണെങ്കിലും വിജയിക്കാൻ അത് മാത്രം പോരെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ ഓർമ്മിപ്പിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രണ്ടെണ്ണത്തിൽ ഇൻഡി മുന്നണിക്ക് വിജയിക്കാനായെങ്കിലും കോൺഗ്രസിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് ഖാർഗെ തുറന്നുപറഞ്ഞു.

Leave a Reply