കോട്ടയം: ശബരിമല തീർത്ഥാടനത്തിൽ സർക്കാർ അലംഭാവം ഉപേക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി. ഏതെങ്കിലും ഭക്തന് ദർശനം സാധ്യമാകാതെ മാല ഊരേണ്ടി വന്നാൽ കനത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും എരുമേലിയിലും സന്നിധാനത്തുമുള്ള അസൗകര്യങ്ങൾ ഉടൻ പരിഹരിക്കണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യം ഒരുക്കേണ്ടത് സർക്കാരിന്റെയും ദേവസ്വത്തിന്റെയും ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം അവർ നിർവ്വഹിക്കുന്നില്ല. ഭക്തർക്ക് പ്രാഥമിക കാര്യത്തിനുള്ള സംവിധാനങ്ങൾ പോലും പൂർത്തിയാക്കിയിട്ടില്ല.
കുടിവെള്ള സൗകര്യം ലഭ്യമാക്കുന്നതിനുള്ള യാതൊന്നും ഈ നിമിഷം വരെ ഒരുക്കിയിട്ടില്ല. വ്രതം നോറ്റെത്തുന്ന ഭക്തർക്ക് ദർശനം അനുവദിക്കുക എന്നത് പ്രഥമമായ കാര്യമാണ്. ഒരു അയ്യപ്പഭക്തൻ പോലും ദർശനം സാധ്യമാകാതെ മനോവിഷമത്തോടെ മാല ഊരേണ്ടി വന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കി.
ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ, പ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങളിലും മാത്രം ഒതുങ്ങുകയാണ് ദേവസ്വത്തിന്റെ ഒരുക്കങ്ങൾ. അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും സർക്കാരിനോ ദേവസ്വം ബോർഡിനോ സാധിച്ചിട്ടില്ല. എരുമേലിയിലെയും പമ്പയിലെയും സന്നിധാനത്തെയും ശൗചാലയങ്ങളുടെ പ്രശ്നങ്ങളോ കുടിവെള്ള പ്രശ്നങ്ങളോ പരിഹരിക്കുന്നതിനുള്ള നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല.