ന്യൂഡൽഹി: എയർഇന്ത്യ-വിസ്താര ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിലേക്ക് 3,194.5 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നറിയിച്ച് സിംഗപ്പൂർ എയർലൈൻസ്. 2022 നവംബർ 29ന് ലയനം പ്രഖ്യാപിക്കുകയും 2024 നവംബർ 11ന് ലയനം പൂർത്തിയാകുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. ഇതോടെ എയർഇന്ത്യയിൽ സിംഗപ്പൂർ എയർലൈൻസിന് 25.1 ശതമാനം ഓഹരിയുണ്ടാകും.
ഫുൾ സർവീസ് കാരിയറായ വിസ്താര 2015 ജനുവരി ഒമ്പതിനാണ് ഫ്ലൈയിംഗ് ആരംഭിച്ചത്. ടാറ്റയും സിംഗപ്പൂർ എയർലൈൻസും ചേർന്നുള്ള സംയുക്ത സംരംഭമാണ് വിസ്താര. വിസ്താരയുടെ 49 ശതമാനം ഓഹരിയും സിംഗപ്പൂർ എയർലൈൻസിന്റേതായിരുന്നു. ലയനത്തിന് ശേഷം ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർഇന്ത്യയിൽ 25.1% ഓഹരി പങ്കാളിത്തം സ്വന്തമാക്കുന്നതിന് വേണ്ടിയാണ് സിംഗപ്പൂർ എയർലൈൻസ് അധിക നിക്ഷേപം നടത്തുന്നത്.
നവംബർ 12ന് ലയനപ്രക്രിയകളുടെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ വിസ്താരയുടെ വിമാനങ്ങളെല്ലാം എയർ ഇന്ത്യ ബ്രാൻഡിന് കീഴിലാകും സേവനങ്ങൾ നൽകുക. എഐ2 (AI2) എന്നതായിരിക്കും ഫ്ലൈറ്റ് കോഡ്.