ചെന്നൈ: തെന്നിന്ത്യൻ നടൻ ദില്ലി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30- ഓടെയായിരുന്നു അന്ത്യം.
400-ലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹം സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലും അദ്ദേഹം തിളങ്ങി. 1944-ൽ നെല്ലായിയിൽ ജനിച്ച ഡൽഹി ഗണേഷ് 1976-ൽ പട്ടിനപ്രവേശം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 1979-ല്‍ പാസി എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രത്യേക പുരസ്കാരം ലഭിച്ചു.
തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും ഡൽഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. അവ്വൈ ഷണ്മുഖി, നായകൻ, സത്യാ, മൈക്കൽ മദന കാമ രാജൻ, സാമി, അയൻ തുടങ്ങി നിരവധി തമിഴ് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള സിനിമകളിലും ദില്ലി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. 1964 മുതൽ 1974 വരെ ഇന്ത്യൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്നു.