കൊടുവള്ളിയിലെ സ്വർണക്കവർച്ച; അഞ്ചുപേർ പൊലീസ് പിടിയിൽ; 1.3 കിലോ സ്വർണവും കണ്ടെടുത്തു

0

കോഴിക്കോട്;’ കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയ കേസിൽ അഞ്ച് പേർ പിടിയിലായതായി പൊലീസ്. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സ്വർണവ്യാപാരിയായ ബൈജുവിൽ നിന്ന് കവർന്ന 1.3 കിലോ സ്വർണ്ണവും പ്രതികളിൽ നിന്നും കണ്ടെടുത്തു.

ബുധനാഴ്ചയാണ് കൊടുവള്ളി മുത്തമ്പലം സ്വദേശി ബൈജുവിന്റെ പക്കൽ നിന്ന് സ്വർണ്ണം കവർച്ച ചെയ്തത. രണ്ട് കിലോ സ്വർണമാണ് കവർന്നത്. രാത്രി 11 മണിയോടെ കോഴിക്കോട് – ഓമശേരി റോഡിൽ വച്ചായിരുന്നു സംഭവം. കടയടച്ച ശേഷം സ്‌കൂട്ടറിൽ സ്വർണവുമായി ബൈജു വീട്ടിലേക്ക് പോകുകയായിരുന്നു. കാറിലെത്തിയ സംഘം സ്‌കൂട്ടർ ഇടിച്ചു വീഴ്‌ത്തി. റോഡിൽ തെറിച്ച് വീണ ബൈജുവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നു.

സംഘത്തിൽ നാല് പേരുണ്ടായിരുന്നതായി ബൈജു പൊലീസിന് മൊഴി നൽകിയിരുന്നു.
തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. വെളുത്ത സ്വിഫ്റ്റ് കാറിലായിരുന്നു കവർച്ചാ സംഘം എത്തിയത്. ഇത് കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ ആദ്യ അന്വേഷണം.

സ്വർണ്ണ കവർച്ചയും സ്വർണ്ണ കള്ളക്കടത്തും കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്ന വിവരങ്ങൾ പുറത്തു വരുമ്പോഴും സ്വർണ്ണക്കടത്ത് സംഘങ്ങളിലേക്ക് കേരള പോലീസിന്റെ അന്വേഷണം ഇതുവരെ ഉണ്ടായിട്ടില്ല. കൊടുവള്ളി കേന്ദ്രീകരിച്ച് വൻ സ്വർണ്ണക്കടത്ത് സംഘം നിലയുറപ്പിച്ചിട്ടുണ്ടെന്ന് പലപ്പോഴായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളം വഴി നികുതി വെട്ടിച്ച് കടത്തുന്ന കള്ളക്കടത്ത് സ്വർണ്ണമെത്തുന്നത് കൊടുവള്ളിയിലേക്കാണെന്നും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് കൊടുവള്ളി സംഘങ്ങളാണെന്നുമമുള്ള വിവരവും ഉണ്ട്.

കഴിഞ്ഞ നാലു മാസത്തിനിടെ മാത്രം കൊടുവള്ളി കേന്ദ്രീകരിച്ചു നടന്നത് പത്തിലധികം സ്വർണ്ണകവർച്ചാ കേസുകൾ ആണ്. ഇതിനായി വൻ സംഘങ്ങൾ തന്നെ കൊടുവള്ളിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Leave a Reply