ഗ്യാസ് സിലിണ്ടറുകളിൽ വെള്ളം നിറച്ച് തട്ടിപ്പ്; ഗ്യാസ് സിലിണ്ടർ ട്രക്കുകൾ സംശയകരമായി നിർത്തിയിടുന്നത് കണ്ടാൽ അറിയിക്കണമെന്ന് മലപ്പുറം കളക്ടർ

0

മലപ്പുറം: ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുകൾ സംശയകരമായ സാഹചര്യത്തിൽ വഴിയിൽ നിർത്തി സിലിണ്ടറുകൾ പുറത്തെടുക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ.വിനോദ് അഭ്യർഥിച്ചു.

“സിലിണ്ടറുകളിൽ നിന്നു പാചകവാതകം ചോർത്തി വെള്ളമോ മറ്റ് മായങ്ങളോ ചേർത്ത് ഏജൻസികളിൽ എത്തിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇത്തരം തട്ടിപ്പു നടത്തുന്നതിനായി മാഫിയ പ്രവർത്തിക്കുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. സാമ്പത്തിക നഷ്ടത്തോടൊപ്പം മനുഷ്യ ജീവനു വരെ അപകടങ്ങൾക്കു കാരണമാകുന്നതാണിത്. ഇതുമായി ബന്ധപ്പെട്ട ലഭിച്ച പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്”.

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരിയിലെ ബോട്‌ലിങ് പ്ലാന്റിൽ നിന്ന് ഏജൻസികളിലേക്കു കൊണ്ടുപോകുന്ന പാചകവാതക സിലിണ്ടറുകളിൽ ദ്രവ വസ്തുക്കൾ കലർത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കലക്ടർ വി.ആർ.വിനോദ് അറിയിച്ചു.

ചേളാരി പ്ലാന്റിൽനിന്നു കൊണ്ടുപോകുന്ന സിലിണ്ടറുകളിൽ മായം കലർത്തുന്ന സംഘടിത മാഫിയ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായി കോഴിക്കോട് ജില്ലയിലെ ഒരു പാചകവാതക വിതരണ ഏജൻസി ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരിയിലെ ഇൻഡേൻ ബോട്‌ലിങ് പ്ലാന്റ് ചീഫ് പ്ലാന്റ് മാനേജർക്ക് പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ചീഫ് പ്ലാന്റ് മാനേജർ മലപ്പുറം കലക്ടർക്കു നിവേദനം നൽകി

സിലിണ്ടറുകളിൽ മായം കലർത്തി ഏജൻസികളിൽ എത്തിക്കുന്ന മാഫിയ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും ഇതിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആയിരുന്നു നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഐഒസി ബ്രാൻഡിനു മോശം പ്രതിഛായ ഉണ്ടാകുന്നതിനും വിപണിയിൽ തിരിച്ചടിയുണ്ടാകുന്നതിനും ഇത് കാരണമാകുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

“ഏതാനും മാസങ്ങളായി ദ്രാവക രൂപത്തിലുള്ള എന്തോ വസ്തു കലർത്തിയ സിലിണ്ടറുകൾ ലഭിക്കുന്നു. രണ്ട് മാസത്തിനിടെ ഇത്തരത്തിലുള്ള എഴുപതോളം സിലിണ്ടറുകൾ ലഭിച്ചു. പ്ലാന്റിലെ ചില ഡ്രൈവർമാർക്ക് ഇതിൽ പങ്കുള്ളതായി സംശയിക്കുന്നു.” ഗ്യാസ് ഏജൻസി പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

വെള്ളം നിറച്ച സിലിണ്ടറുകൾ സംബന്ധിച്ച് ഇതിനകം 5 ഇൻഡേൻ ഏജൻസികൾ പരാതിയുമായെത്തിയിട്ടുണ്ട് .വിവിധ ഏജൻസി ഗോഡൗണുകളിലായി ഇപ്പോൾ ഇത്തരം 400 സിലിണ്ടറുകൾ ഉണ്ടെന്നാണ് വിവരം. ഇനിയും പരാതികൾ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് സംഘടനാ നേതാക്കളിൽ ചിലർ പറയുന്നത്.

ഗാർഹിക സിലിണ്ടറുകളിൽ കാൽ ഭാഗം ഗ്യാസ് നിലനിർത്തി അതിലെ മുക്കാൽ ഭാഗം ഗ്യാസും വാണിജ്യ സിലിണ്ടറിലേക്കി മാറ്റും. പിന്നീടു ഗാർഹിക സിലിണ്ടറുകളിൽ വെള്ളം നിറച്ചു തൂക്കം തികയ്‌ക്കും. സിലിണ്ടർ ഉപയോഗിക്കുന്നവർ ഗ്യാസ് പെട്ടെന്ന് തീരുന്നു എന്ന പരാതിയുമായി വരുമ്പോഴേ ഏജൻസികൾ തട്ടിപ്പിനിരയായത് അറിയൂ.പക്ഷേ, ഐഒസി അധികൃതർ അത്തരം സിലിണ്ടറുകൾ തിരിച്ചെടുക്കില്ല. ഏജൻസികൾ ബാധ്യത ഏറ്റെടുക്കേണ്ട അവസ്ഥയാണ്.

വിഷയത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉടൻ നടപടി ആവശ്യപ്പെട്ട് ചേളാരി ബോട്‌ലിങ് പ്ലാന്റിലെ യൂണിയൻ പ്രതിനിധികളും കലക്ടർക്കു പരാതി നൽകിയിട്ടുണ്ട്.ഗ്യാസ് തട്ടിപ്പിന് പിന്നിലുള്ള മാഫിയ സംഘങ്ങൾക്ക് രഹസ്യ കേന്ദ്രങ്ങൾ വരെ ഉണ്ടെന്ന് ബിഎംഎസ് ചേളാരി പ്ലാന്റ് കമ്മിറ്റി ഭാരവാഹികൾ പറ‍‍ഞ്ഞു. തട്ടിപ്പ് സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നും സംഘടനാ നേതാക്കളായ പ്രദീപ് പാപ്പന്നൂർ, എം.മഹേഷ്, ഷാജി നെച്ചിക്കാട്, യു.റിജു, ടി.പി.ഗിൽബർട്ട് എന്നിവർ ആവശ്യപ്പെട്ടു.

പ്ലാന്റിൽ നിന്ന് ഏജൻസികളിലേക്ക് അയയ്‌ക്കുന്ന സിലിണ്ടറുകളിൽ ശരിയായ ഗ്യാസ് തൂക്കം ഉണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തണമെന്നും നേതാക്കൾ പറഞ്ഞു.

Leave a Reply