ലഡാക്ക്: സൈനികരെ പിൻവലിച്ച നടപടി പൂർത്തിയായതിന് പിന്നാലെ കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശമായ ദെംചോക് മേഖലയിൽ പട്രോളിംഗ് ആരംഭിച്ചു. നാലര വർഷത്തിന് ശേഷമാണ് മേഖലയിൽ പട്രോളിംഗ് പുനരാംരഭിച്ചത്.
ഗൽവാൻ സംഘർഷത്തിന് പിന്നാലെ യുദ്ധസമാന സാഹചര്യം ഉടലെടുത്തതോടെ യഥാർത്ഥ നിയന്ത്രണ രേഖയിൽ സർവസന്നാഹങ്ങളുമായി ഇരുരാജ്യങ്ങളും സൈന്യത്തെ വിന്യസിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി രാഷ്‌ട്രത്തലവന്മാർ നടത്തിയ നയതന്ത്രചർച്ചകളുടെ ഫലമായി സൈനികപിന്മാറ്റ തീരുമാനത്തിന് പച്ചക്കൊടി വീശുകയായിരുന്നു ഇരുരാജ്യങ്ങളും.
ധാരണപ്രകാരം ഇന്ത്യൻ സൈനികരും ചൈനീസ് പട്ടാളക്കാരും മേഖലയിൽ നിന്ന് പിന്മാറി. ഇതിന്റെ ഭാഗമായി മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ നീക്കം ചെയ്തു. തുടർന്ന് ദീപാവലി ദിവസം മധുരം കൈമാറിയതിന് പിന്നാലെ പതിവ് പട്രോളിംഗ് ആരംഭിച്ചിരിക്കുകയാണ്. 2020 ഏപ്രിലിന് മുൻപുള്ള അവസ്ഥയിലാണ് നിലവിൽ സൈനികരെ വിന്യസിച്ചിട്ടുള്ളത്. സൈനികപിന്മാറ്റം പൂർത്തിയായത് ദീപാവലി വേളയിൽ ആയിരുന്നതിനാൽ മധുരവും മറ്റ് സമ്മാനങ്ങളും ചൈനീസ് പട്ടാളക്കാർക്ക് ഇന്ത്യൻ സൈന്യം കൈമാറിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ ശ്രദ്ധനേടുകയും ചെയ്തു.