ഫോം തുടർന്ന് ബ്ലാസ്റ്റേഴ്സ്! മുംബൈയുടെ നാല് കുത്തേറ്റ് കൊമ്പന്മാർ ചരിഞ്ഞു

0

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ വീണ്ടും തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. മുംബൈ സിറ്റിക്കെതിരെ രണ്ടിനെതിരെ നാലു​ഗോളുകൾക്കാണ് പരാജയം ഏറ്റുവാങ്ങിയത്. പിന്നിൽ നിന്ന കൊമ്പന്മാർ സമനില പിടിച്ച ശേഷമാണ് അടിയറവ് പറഞ്ഞത്. ​ബ്ലാസ്റ്റേഴ്സിന് സമനില സമ്മാനിച്ച ക്വാമെ പെപ്ര ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് കൊമ്പന്മാർക്ക് തിരിച്ചടിയായത്.

പത്തുപേരായി ചുരുങ്ങിയതോടെ മുംബൈക്ക് കാര്യങ്ങൾ എളുപ്പമായി. തോൽവിയോടെ എട്ടുപോയിന്റുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തേക്ക് വീണു. മത്സരത്തിൽ മൂന്ന് ​ഗോളുകൾ പിറന്നത് പെനാൽറ്റിയിൽ നിന്നാണ്. നിക്കോളാസ് കരേലിസിന്റെ ഇരട്ട ഗോളുകളാണ് മുംബൈക്ക് ജയമൊരുക്കിയത്.

നതാന്‍ അഷര്‍ റോഡ്രിഗസ്, ലാലിയന്‍സ്വാല ചാങ്‌തെ എന്നിവരാണ് മുംബൈയുടെ മറ്റ് ഗോളുകള്‍ നേടിയത്. ജീസസ് ജിമിനെസ്, ക്വാമെ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. 72-ാം മിനിറ്റില്‍ പെപ്ര ചുവപ്പ് കാര്‍ഡുമായി പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ​ഗോളാഘോഷത്തിനിടെ ജഴ്സി ഉയർത്തി ആഘോഷിച്ചതിനാണ് രണ്ടാം മഞ്ഞക്കാർഡ് നേടി പെപ്രേയ്‌ക്ക് പുറത്തുപോകേണ്ടി വന്നത്.

പെപ്ര നേടിയ പെനാൽറ്റി ജിമിനെസ് വലയിലെത്തിച്ച് ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ​ഗോൾ സമ്മാനിക്കുകയായിരുന്നു. 72-ാം മിനിട്ടിൽ ലൂണയുടെ ക്രോസിൽ നിന്ന് ഉ​ഗ്രനൊരു ഡൈം​വിം​ഗ് ഹെഡ്ഡറിലൂടെ പെപ്ര പന്ത് വലയിലാക്കി, ബ്ലാസ്റ്റേഴ്സ് സമനിലയും പിടിച്ചു. ഇതിന് പിന്നാലെയാണ് താരം ജഴ്സി ഊരി ആഘോഷിച്ചത്. 76-ാം മിനിട്ടിൽ അഷര്‍ മുംബൈക്ക് ലീഡ‍് സമ്മാനിച്ചു. 90-ാം മിനിറ്റില്‍ ചാങ്‌തെയും ബ്ലാസ്റ്റേഴ്സിനെ കുത്തി.

Leave a Reply