‘എന്നെന്നും മുരളിയേട്ടനൊപ്പം’! ആനയെയും കടലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യർ

0

പാലക്കാട്: കോൺഗ്രസ് നേതാവ് കെ മുരളീധരനെ വാനോളം പുകഴ്‌ത്തി വേദിപങ്കിട്ട് സന്ദീപ് വാര്യർ. കോൺഗ്രസിൽ ചേർന്നതിന് ശേഷം ഇതാദ്യമായാണ് സന്ദീപ് വാര്യർ കെ മുരളീധരനുമായി വേദി പങ്കിടുന്നത്. പാലക്കാട് ശ്രീകൃഷ്ണപുരത്തെ പരിപാടിയിലായിരുന്നു നേതാക്കാളുടെ പരസ്പരം പുകഴ്‌ത്തിയുള്ള സ്‌നേഹപ്രകടനം.

മുരളിയേട്ടൻ എന്ന് വിളിച്ചായിരുന്നു സന്ദീപിന്റെ അഭിസംബോധന പ്രസംഗം ആരംഭിച്ചത്. ആനയെയും കടലിനെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ലെന്നും സന്ദീപ് പറഞ്ഞു. താൻ കോൺഗ്രസുകാരനാണെന്നും എന്നെന്നും മുരളിയേട്ടനും കോൺഗ്രസിനുമൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും ഇഷ്ടമുള്ള നേതാവിന്റെ മകനാണ് കെ മുരളീധരൻ. അദ്ദേഹം സഹോദര തുല്യനാണ്. മുരളീധരൻ പങ്കെടുക്കുന്ന പരിപാടിയിൽ വരാൻ താനാണ് അഭ്യർത്ഥിച്ചതെന്നും സന്ദീപ് വാര്യർ പറഞ്ഞു. സന്ദീപിനെ കോൺഗ്രസിന് ലഭിച്ചത് മുതൽക്കൂട്ടാണെന്നാണ് പരിഭവങ്ങൾ ഉള്ളിലൊതുക്കി കെ മുരളീധരന്റെ വിശദീകരണം. രാഹുൽ ഗാന്ധി തീരുമാനങ്ങളെടുത്താൽ അതിനൊപ്പം നിൽക്കുമെന്നും സന്ദീപിനെ പൂർണമായി പിന്തുണയ്‌ക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ ഏറ്റവുമധികം അതൃപ്തി പ്രകടിപ്പിച്ച നേതാവാണ് കെ മുരളീധരൻ. സന്ദീപ് വാര്യർ രണ്ടാഴ്ച മുൻപ് കോൺഗ്രസിലേക്ക് വന്നിരുന്നെങ്കിൽ പ്രിയങ്കയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാമായിരുന്നുവെന്നും രാഹുലിനെ കടുത്ത ഭാഷയിൽ വിമർശിച്ചതിനുള്ള ക്ഷമാപണമായേനെയന്നും കെ മുരളീധരൻ പരിഹസിച്ചിരുന്നു.

ഇതിനുപിന്നാലെ ‘പകൽ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം. ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങളെ’.. എന്ന പഴയ ചലച്ചിത്ര ഗാനം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Leave a Reply